അടി തിരിച്ചടി; സിക്സർ മഴ ; ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് തോൽവി 

പൂനെ: അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, ശിവം മാവി വെടിക്കെട്ട് രക്ഷിച്ചില്ല, ലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യ 16 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ലങ്ക മുന്നോട്ടുവെച്ച 207 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള ഇന്ത്യന്‍ ബാറ്റിംഗ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 190 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. ഇതോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി. അക്‌സര്‍ 31 പന്തില്‍ 65 ഉം സൂര്യ 36 പന്തില്‍ 51 ഉം മാവി 15 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായി. ഒരു റണ്ണുമായി ഉമ്രാന്‍ മാലിക് പുറത്താവാതെ നിന്നു. ബാറ്റും പന്തുമായി തിളങ്ങിയ നായകന്‍ ദാസുന്‍ ശനകയാണ് ലങ്കയുടെ വിജയശില്‍പി. 

Advertisements

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ സമ്മര്‍ദത്തിന് മുന്നില്‍ തുടക്കത്തിലേ വിറച്ചു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.4 ഓവറുകള്‍ക്കിടെ 34 റണ്‍സ് നേടിയെങ്കിലും നാല് വിക്കറ്റ് നഷ്‌ടമാക്കി. ഇഷാന്‍ കിഷന്‍(5 പന്തില്‍ 2), ശുഭ്‌മാന്‍ ഗില്‍(3 പന്തില്‍ 5) എന്നിവരെ കാസുന്‍ രജിത പുറത്താക്കി. അരങ്ങേറ്റക്കാരന്‍ രാഹുല്‍ ത്രിപാഠിയെ അഞ്ച് പന്തില്‍ 5 റണ്‍സെടുത്ത് നില്‍ക്കേ ദില്‍ഷന്‍ മധുഷനക മടക്കി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ(12 പന്തില്‍ 12) ചാമിക കരുണരത്‌നെയ്ക്ക് കീഴടങ്ങുകയായിരുന്നു. വൈകാതെ ഹസരങ്കയുടെ പന്തില്‍ ദീപക് ഹൂഡ(12 പന്തില്‍ 9) പുറത്താകുമ്പോള്‍ ഇന്ത്യ 9.1 ഓവറില്‍ 57-5 മാത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീടങ്ങോട്ട് സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍ സഖ്യത്തിലായി കണ്ണുകള്‍. 14-ാം ഓവറില്‍ ഹസരങ്കയെ അക്‌സര്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സുകള്‍ക്ക് പറത്തിയതോടെ ഇരുവരും 50 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് തികച്ചു. ഈ ഓവറില്‍ നാല് സിക്‌സുകളോടെ ഇരുവരും 26 റണ്‍സ് അടിച്ചുകൂട്ടിയതോടെ കളിയുടെ ഗിയര്‍ മാറി. തൊട്ടടുത്ത ഓവറില്‍ കരുണരത്‌നെയെ ബൗണ്ടറിലൈനിന് പുറത്തേക്ക് പറത്തി 20 പന്തില്‍ അക്‌സര്‍ 50 തികച്ചു. ഇതിനകം ആറ് സിക്‌സുകള്‍ അക്‌സര്‍ നേടിക്കഴിഞ്ഞിരുന്നു. അക്‌സറിന്‍റെ ആദ്യ രാജ്യാന്തര ഫിഫ്റ്റിയാണിത്. എന്നാല്‍ 33 പന്തില്‍ അമ്പത് തികച്ച സൂര്യകുമാര്‍(36 പന്തില്‍ 51) മധുശനകയുടെ പന്തില്‍ ഹസരങ്കയുടെ ക്യാച്ചില്‍ മടങ്ങിതോടെ ഇന്ത്യ വീണ്ടും കെണിയിലായി. 

അക്‌സറിനൊപ്പം ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശിവം മാവി പ്രതീക്ഷ നല്‍കി. മധുശനക എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 17 റണ്‍സ് അടിച്ചു. രജിത എറിഞ്ഞ 19-ാം ഓവറില്‍ പിറന്നത് 12 റണ്‍സ്. അവസാന ഓവറില്‍ 21 റണ്‍സ് ഇന്ത്യക്ക് ജയിക്കാന്‍ വേണമെന്നിരിക്കേ പന്തെറിയാനുള്ള ഉത്തരവാദിത്തം ലങ്കന്‍ നായകന്‍ ദാസുന്‍ ശനക ഏറ്റെടുത്തു. മത്സരത്തില്‍ ശനകയുടെ ആദ്യ ഓവര്‍ കൂടിയായിരുന്നു ഇത്. മൂന്നാം പന്തില്‍ അക്‌സര്‍(31 പന്തില്‍ 65) കരുണരത്‌നെയുടെ ക്യാച്ചില്‍ പുറത്തായി. ശിവം മാവിക്കും ഉമ്രാന്‍ മാലിക്കിനും പിന്നീട് വിജയലക്ഷ്യം എത്തിപ്പിടിക്കാനാവുന്നതായിരുന്നില്ല. മാവി(15പന്തില്‍ 26) ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്തായി. 

നേരത്തെ, ഉമ്രാന്‍ മാലിക്കിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനത്തിനും അക്‌സര്‍ പട്ടേലിന്‍റെ രണ്ട് വിക്കറ്റ് നേട്ടത്തിനുമിടയിലും ഇന്ത്യക്കെതിരെ രണ്ടാം ട്വന്‍റി 20യില്‍ ലങ്ക കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. ഇന്ത്യക്ക് മുന്നില്‍ 207 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ലങ്ക വച്ചുനീട്ടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 206 റണ്‍സെടുത്തു. ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ്(31 പന്തില്‍ 52) അര്‍ധ സെഞ്ചുറിയുമായി തുടക്കമിട്ടപ്പോള്‍ ചരിത് അസലങ്ക(19 പന്തില്‍ 37), ക്യാപ്റ്റന്‍ ദാസുന്‍ ശനക(22 പന്തില്‍ 56), പാതും നിസങ്ക(35 പന്തില്‍ 33) എന്നിവരുടെ ബാറ്റിംഗും ലങ്കയെ കാത്തു. അവസാന ഓവറുകളില്‍ ശാന്തനാകാതിരുന്ന ശനക വെറും 20 പന്തില്‍ ഫിഫ്റ്റി തികച്ചു. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലങ്ക പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 55 റണ്‍സ് അടിച്ചിരുന്നു. പിന്നീട് അക്‌സറിലും ചാഹലിലൂടെയും ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചുവരവ് നടത്തിയെങ്കിലും അസലങ്കയും ശനകയും ബാറ്റിംഗ് നിയന്ത്രണം ഏറ്റെടുത്തതോടെ നീലപ്പടയ്ക്ക് നിയന്ത്രണം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് മാത്രമാണ് അടികിട്ടാതിരുന്നത്.  8.2 ഓവറില്‍ 80-1 എന്ന നിലയിലായിരുന്ന ലങ്ക 13.4 ഓവറില്‍ 110-4 എന്ന നിലയിലേക്ക് പതറിയെങ്കിലും അവസാന ഓവറുകളിലെ ശനക വെടിക്കെട്ടില്‍ 200 കടക്കുകയായിരുന്നു. 

18-ാം ഓവറില്‍ ഉമ്രാന്‍ 21 ഉം 19-ാം ഓവറില്‍ അര്‍ഷ്‌ദീപ് 18 ഉം അവസാന ഓവറില്‍ മാവി 20 റണ്‍സും വഴങ്ങിയതോടെ ലങ്കന്‍ സ്കോര്‍ 200 കടന്നു. ശനക 22 പന്തില്‍ 56* ഉം കരുണരത്‌നെ 10 പന്തില്‍ 11* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഷ്‌ദീപ് രണ്ട് ഓവറില്‍ 37 ഉം മാവി നാല് ഓവറില്‍ 53 ഉം മാലിക്ക് 48 ഉം റണ്‍സ് വഴങ്ങി. ഏഴ് നോബോളുകള്‍ ഇന്ത്യ എറിഞ്ഞത് തിരിച്ചടിയായി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.