യുഎഇ : ഐ പി എല്‍ കലാശത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേർ. മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബൗളിംങ്ങ് തിരഞ്ഞെടുത്തു. ചെന്നൈ നാലാം കിരീടവും കൊല്‍ക്കത്ത മൂന്നാം കിരീടവുമാണ് ലക്ഷ്യംവക്കുന്നത്. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. ആദ്യ ക്വാളിഫയറിലെ വിജയിയായാണ് ചെന്നൈ എത്തുന്നത്. പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരായ കൊല്‍ക്കത്ത രണ്ട് തുടര്‍ വിജയങ്ങള്‍ നേടിയും. ഫൈനല്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
മഹേന്ദ്ര സിംഗ് ധോണിയെന്ന അതുല്യനായ ഓള്‍റൗണ്ടറുടെ നായക കരുത്തിലാണ് ചെന്നൈ ഫൈനലിലെത്തിയത്. ചില മത്സരങ്ങളില്‍ പരാജയത്തിന്റെ കയ്പ്പ് രുചിച്ചെങ്കിലും കലാശക്കളിയില്‍ ചെന്നൈ മികച്ച കളി പുറത്തെടുക്കുമെന്നാണ് കരുതുന്നത്. റിതുരാജ് ഗെയ്ക്ക്വാദ്, ഫാഫ് ഡു പ്ലസിസ് സഖ്യം ചെന്നൈയുടെ ഓപ്പണിങ് കരുത്താണ്. മത്സരം അനുകൂലമാക്കാനുള്ള ശേഷി ഇവര്‍ക്കുണ്ട്. ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവരുടെ ബൗളിങ് പാടവവും ടീമിന് മുതല്‍ക്കൂട്ടാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, യു എ ഇ എഡിഷനില്‍ ഇയോയിന്‍ മോര്‍ഗന്റെ ശക്തമായ നായകത്വത്തിനു കീഴില്‍ നേടിയ തകര്‍പ്പന്‍ വിജയങ്ങള്‍ കൊല്‍ക്കത്തയ്ക്ക് സാധ്യതയേറ്റുന്നു. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ബൗളിങ് നിരയിലുണ്ടെന്നതും അനുകൂല ഘടകമാണ്. ഫൈനലില്‍ ആന്ദ്രെ റസ്സല്‍ കളിച്ചേക്കുമെന്നും സൂചനയുണ്ട്. വെങ്കിടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനം കൂടി കൊല്‍ക്കത്തയുടെ സാധ്യതയില്‍ നിര്‍ണായകമാകും.