ചെപ്പോക്ക് : ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജകീയ വിജയത്തോടെ വിജയ വഴിയിൽ തിരികെ എത്തി ചെന്നൈ. ലീഗിൽ ഇത് വരെ തോൽവഅറിയാത്ത കൊൽക്കത്തയെ ഏഴ് വിക്കറ്റിന് തകർത്താണ് ചെന്നൈ താണ്ഡവം തുടങ്ങിയത്. ടോസ് നേടിയ ചെന്നൈ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൻ്റെ ആദ്യ പന്തിൽ തന്നെ സാൾട്ടിനെ വീഴ്ത്തി ദേശ് പാണ്ഡേ ടീമിന് നിർണ്ണായക ബ്രേക്ക് ത്രൂ നൽകി. ആ ഷോക്കിൽ നിന്ന് സുനിൽ നരേനും (27) രഘുവംശിയും (24) ചേർന്ന് ടീമിനെ പതിയെ കര കയറ്റി. എന്നാൽ നിർണായക സമയത്ത് രണ്ടുപേരെയും പുറത്താക്കിയ ജഡേജ കൊൽക്കത്തയുടെ പതനത്തിനും തുടക്കമിട്ടു. 56 ന് രണ്ട് എന്ന നിലയിൽ നിന്നും 64 ന് നാല് എന്ന നിലയിലേക്ക് കൊൽക്കട്ട തകർന്നടിഞ്ഞു. സുനിൽ നരേൻ , വെങ്കിടേഷ് അയ്യർ (3) , രമൺ ദീപ് സിങ്ങ് (13) , എന്നിവർ വാലേ വാലേ കൂടാരം കയറി. അവസാന പ്രതീക്ഷ ആയിരുന്ന റിങ്കു സിങ്ങും (9) , റസലും (10) യാതൊരു പിൻതുണയും നൽകാതെ കൂടാരം കയറി. ഒറ്റയാൾ പോരാട്ടം നടത്തിയ അയ്യർ (34) അവസാന ഓവറിന്റെ ആദ്യ പന്തിൽ പുറത്തായി. ഇതേ സ്കോറിൽ റണ്ണെടുക്കാതെ സ്റ്റാർക്കും വീണു. മറുപടി ബാറ്റിംങിൽ ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. രചിൻ രവീന്ദ്രയും (15) , ഗെയ്ത് വാഗും ( പുറത്താകാതെ 67 ) മികച്ച തുടക്കമാണ് നൽകിയത്. ഡാരി മിച്ചലും (25) ശിവം ദുബൈയും (28) പുറത്തായത് വിജയത്തെ തെല്ലും ബാധിച്ചില്ല.