യമൻ: ഐഎസ് ഭീകരർ ചാവേറുകളാക്കാൻ എത്തിച്ച 700 കുഞ്ഞുങ്ങൾ സിറിയൻ ജയിലിൽ കുടുങ്ങി കിടക്കുന്നതായും തടവിലാക്കിയ 700 കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കാനാണ് ഐഎസ് ഭീകരരുടെ പദ്ധതി എന്നും റിപ്പോർട്ട്.
യുകെ ആസ്ഥാനമായുള്ള സേവ് ദി ചിൽഡ്രൻ എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. സിറിയയിലെ ഗ്വെറാൻ ജയിലിൽ ബോംബെറിഞ്ഞ് ആയിരക്കണക്കിന് കൂട്ടാളികളെ മോചിപ്പിക്കാൻ ഐഎസ് ഭീകരർ ശ്രമിച്ചിരുന്നു. അതിനാൽ മേഖലയിൽ സംഘർഷ സാദ്ധ്യതയുണ്ടെന്നും ആക്രമണങ്ങൾ ഉണ്ടാകുന്നതിന് മുൻപ് കുട്ടികളെ തടവിൽ നിന്നും മോചിപ്പിക്കണമെന്നുമാണ് സേവ് ദി ചിൽഡ്രൻ സംഘടനയുടെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്വെറാൻ ജയിലിൽ ഐഎസിനെതിരെ പോരാടുന്ന ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഈ കുട്ടികളെ അപകടത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും തടങ്കലിലായ കുട്ടികളിൽ നിന്ന് സഹായത്തിനായി നിലവിളിക്കുന്ന ശബ്ദസന്ദേശങ്ങൾ ലഭിച്ചതായും സംഘടനയുടെ ഡയറക്ടർ സോണിയ ഖുഷ് പറഞ്ഞു.
സിറിയയിൽ യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും ഐഎസും തമ്മിലുള്ള കലാപത്തിനിടെ 300 ഓളം പേരാണ് കൊല്ലപ്പെട്ടത്. ജയിൽ അക്രമിച്ച് ഐഎസ് ഭീകരരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ 30 ഓളം ഐഎസ് ഭീകരരെ കുർദിഷ് സൈന്യം വധിച്ചു. സേനയുടെ ആക്രമണം തടയുന്നതിനായി കുട്ടികൾ താമസിക്കുന്ന ഒരു ഡോർമിറ്ററിയിലേക്ക് ഐഎസ് തടവുകാർ മാറിയതായും കുർദിഷ് സേനയ്ക്ക് മുന്നിൽ ഈ കുഞ്ഞുങ്ങളെ ഭീകരർ മനുഷ്യകവചങ്ങളാക്കിയതായും റിപ്പോർട്ട് ഉണ്ട്. സംഘർഷത്തിനിടെ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
അറബ് ഇതര രാജ്യങ്ങളിൽ നിന്നുള്ള 150ലധികം വിദേശ കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. തടവിലാക്കപ്പെട്ട കുട്ടികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സേവ് ദി ചിൽഡ്രൻ സംഘടന അധികൃതരോട് അഭ്യർത്ഥിച്ചു. കുടുങ്ങിക്കിടക്കുന്ന കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ യുനിസെഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുട്ടികൾ അപകടത്തിലാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.