ടെല്‍ അവീവ് : പശ്ചിമഷ്യയില്‍ പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍, ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെയും തീര്‍ത്ഥാടകരെയുമായും നാട്ടിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു.
ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ സജ്ജമായിരിക്കാൻ വ്യോമ – നാവിക സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതാണ്ട് 18,000 ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്ന് ഇന്ത്യന്‍ അധികൃതര്‍ സൂചിപ്പിച്ചു. പോരാട്ടം രൂക്ഷമായതോടെ, രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയില്‍ ദിവസവും നൂറുകണക്കിന് അഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതലും ടൂറിസ്റ്റുകളാണ് ഈ ആവശ്യവുമായി വരുന്നതെന്നും എംബസി അധികൃതര്‍ സൂചിപ്പിച്ചു. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയും പലസ്തീനിലെ ഇന്ത്യയുടെ പ്രതിനിധികാര്യ ഓഫീസും ഇന്ത്യന്‍ പൗരന്മാരോട് ‘ജാഗ്രത പാലിക്കാനും’ അടിയന്തരഘട്ടത്തില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.