കോട്ടയം : ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദക്കേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ല. അത് മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും. അന്തസുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് പറഞ്ഞു.
കണ്ടന്റ് ക്രിയേറ്ററായ അച്ചു ഉമ്മൻ ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുകയാണെന്നും പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലെന്നും ആരോപണം ഉയർന്ന സാഹചര്യത്തിൽ അച്ചു ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.