ഐസിസിയുടെ പുതിയ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
ദുബായ്: ഐസിസിയുടെ പുതിയ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ. ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ച ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ ജയ് ഷാ 2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുന്നത് ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്നും സ്ഥാനമേറ്റെടുത്ത ശേഷം പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച ഐസിസി ഡയറക്ടര്‍മാര്‍ക്കും അംഗങ്ങള്‍ക്കും ജയ് ഷാ നന്ദി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ. ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ. 2014 മുതല്‍ 2015 വരെ എന്‍ ശ്രീനിവാസന്‍, 2015 മുതല്‍ 2020 വരെ ശശാങ്ക് മനോഹര്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനനത്ത് ജയ് ഷായുടെ മുന്‍ഗാമികളായ ഇന്ത്യക്കാര്‍.
1997 മുതല്‍ 2000വരെ ജഗ്മോഹന്‍ ഡാല്‍മിയയും 2010 മുതല്‍ 2012 വരെ ശരദ് പവാറും ഐസിസി പ്രസിഡന്‍റായിട്ടുണ്ട്. 2009ൽ 19-ാം വയസിലാണ് ആദ്യമായി ക്രിക്കറ്റ് ഭരണരംഗത്ത് എത്തുന്നത്. അഹമ്മദാബാദ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ക്രിക്കറ്റില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ജയ് ഷാ പിന്നീട് 2011ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.
2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്‍റ് സെക്രട്ടറിയായ ജയ് ഷാ പിന്നാലെ സെക്രട്ടറിയുമായി. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ ജയ് ഷായാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അമിത് ഷാ ആയിരുന്നു അപ്പോൾ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിന്‍റ്. ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി രൂപകല്‍പന ചെയ്യുന്നതിലും മുന്‍നിരയില്‍ ജയ് ഷാ ഉണ്ടായിരുന്നു. 25-ാം വയസിലാണ് ജയ് ഷാ ആദ്യമായി ബിസിസിഐയിൽ ഒരു പദവിയിലെത്തുന്നത്. മാര്‍ക്കറ്റിംഗ് കമ്മിറ്റിം അംഗമായിട്ടായിരുന്നു തുടക്കം.
2015ല്‍ ബിസിസിഐ പ്രസിഡന്‍റായിരുന്ന എന്‍ ശ്രീനിവാസനെ പുറത്താക്കുന്നതിന് പിന്നിലെ സൂത്രധാരൻമാരിലൊരാളായിരുന്നു ജയ് ഷാ.
ബിസിസിഐ സെക്രട്ടറിയായി അനുരാഗ് ഠാക്കൂറിനെ പിന്തുണച്ച ജയ് ഷാ ശ്രീനിവാസന്‍റെ പ്രതിനിധിയായി മത്സരിച്ച സഞ്ജയ് പട്ടേലിനെ ഒരു വോട്ടിന് തോല്‍പ്പിക്കുന്നകിലും നിര്‍ണായ പങ്ക് വഹിച്ചു. 2019ല്‍ ആദ്യമായി ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തനായി.
ബിസിസിഐ പ്രസിഡന്‍റായിരുന്ന സൗരവ് ഗാംഗുലിക്ക് ശേഷം ജയ് ഷായുടെ വാക്കിന് ഇന്ത്യൻ ക്രിക്കറ്റില്‍ മറുവാക്കില്ലാതായി. കൊവിഡ് കാലത്ത് ഐപിഎല്‍ വിജയകരമായി നടത്തിയും ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിഫലം ഉറപ്പാക്കിയും ഷാ കളിക്കാരുടെയും കൈയടി നേടി. 2021ല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായതോടെ ഏഷ്യൻ ക്രിക്കറ്റിലും ഷാ കരുത്തനായി.
ബിസിസിഐ ഭരണഘടനയില്‍ മാറ്റം വരുത്തി 2022ല്‍ വീണ്ടും ബിസിസിഐ സെക്രട്ടറിയായി ചുമതലയേറ്റു. ഭരണഘടനാ മാറ്റത്തെ പിന്നീട് സുപ്രീംകോടതിയും അംഗീകരിച്ചു. പ്രസിഡന്‍റായിരുന്ന ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി വന്നു. അതേവര്‍ഷം തന്നെ ഐസിസിയുടെ ഫിനാന്‍സ് ആന്‍ഡ് കമേഴ്സ്യല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാനായി ഐസിസിയിലും കരുത്തനായി. 2022ലെ ഐപിഎല്‍ സംപ്രേഷണവകാശം റെക്കോര്‍ഡ് തുകക്കു വിറ്റതും വനിതാ ഐപിഎല്‍ തുടങ്ങിയതുമെല്ലാം ജയ് ഷായുടെ നേട്ടങ്ങളായി. വനിതാ താരങ്ങളുടെ പ്രതിഫലം ഏകീകരിച്ച് കൈയടി നേടുകയും ചെയ്തു.