തൊണ്ണൂറുകളിൽ അവർ കെട്ടിയാടിയ വേഷങ്ങൾ വെറും വേഷങ്ങളായിരുന്നില്ല.തിയേറ്ററിനകത്തെ ഇരുട്ടിൽ നിന്നും സിനിമ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രകളിൽ ഒട്ടേറെ വീട്ടുമുറ്റങ്ങളിൽ,ഇടവഴികളിൽ നമ്മളവരെ കണ്ടുമുട്ടിയിട്ടുണ്ടാവും; ഇന്നസെൻ്റിൻ്റെയും ലളിതേച്ചിയുടെയും മലയാള സിനിമയിലെ നികത്താനാവാത്ത വിടവിനെപ്പറ്റി ജിതേഷ് മംഗലത്ത് എഴുതുന്നു 

ജിതേഷ് മംഗലത്ത്

നമുക്ക് രണ്ടാൾക്കാരെ സ്ഥിരം ഒരേ വേഷത്തിൽ സ്ക്രീനിൽ കണ്ടാലെങ്ങനെയുണ്ടാവും?ഒരിത്തിരി പാളിയാൽ അങ്ങേയറ്റത്തെ മടുപ്പിലേക്കെത്തിക്കാൻ എളുപ്പം കഴിയുന്ന ഒന്നാണ് മാറ്റങ്ങളില്ലായ്മ.എന്നാൽ ആ മാറ്റമില്ലായ്മയുടെ ലൂപ്പിലും സ്വയം ഇംപ്രൊവൈസ് ചെയ്തു കൊണ്ട് നമ്മെ നിരന്തരം എന്റർടെയ്ൻ ചെയ്തുകൊണ്ടിരുന്ന ഒരു ഓൺ സ്ക്രീൻ ബന്ധമായിരുന്നു ഇന്നസെന്റിന്റേയും,കെ.പി.എ.സി.ലളിതയുടേതും.

Advertisements

“ലളിത എന്റെ എതിർവശത്തുനിന്നു എന്നേക്കുമായി മാഞ്ഞുപോയപ്പോൾ പെട്ടെന്ന് തനിച്ചായതുപോലെ. ഇനിയെനിക്ക് അങ്ങനെയൊന്നും അഭിനയിക്കാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം. എങ്കിലും ഒരുപാട് നല്ലവേഷങ്ങൾ ഞങ്ങൾക്കൊരുമിച്ച് ചെയ്യാൻ സാധിച്ചു. ആ ഓർമ്മയിലാണ് ഇനിയങ്ങോട്ടുള്ള ജീവിതം”.ലളിതേച്ചി പോയപ്പോൾ ഇന്നച്ചൻ പറഞ്ഞ വാചകങ്ങളാണിവ.നായകൻ-നായികാ ദ്വയപ്പൊരുത്തത്തിനൊപ്പമോ അതിനേക്കാളേറെയോ ഇരുവരും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ അവർ കെട്ടിയാടിയ വേഷങ്ങൾ വെറും വേഷങ്ങളായിരുന്നില്ല.തിയേറ്ററിനകത്തെ ഇരുട്ടിൽ നിന്നും സിനിമ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രകളിൽ ഒട്ടേറെ വീട്ടുമുറ്റങ്ങളിൽ,ഇടവഴികളിൽ നമ്മളവരെ കണ്ടുമുട്ടിയിട്ടുണ്ടാവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ചാത്തുക്കുട്ടീടവിടെ പ്രശ്നംവെക്കാൻ പോയപ്പോ, ഞാൻ സ്നേഹലതേടെ അവിടൊന്നു കേറി”

“എന്നിട്ട്?”

പിന്നീടങ്ങോട്ട് ഇന്നച്ചൻ റിയാക്ട് ചെയ്യുന്ന വിധം എഴുതി ഫലിപ്പിക്കാനാവില്ല.പണ്ട് വല്യച്ഛൻ പുറത്തെവിടെയെങ്കിലും പോയി വന്ന് ഇതേ രീതിയിൽ മുഖം കഴുകിക്കൊണ്ടിരിക്കുമ്പോൾ വല്യമ്മയോട് പോയ വിവരം അവ്യക്തമായി പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.വായിൽ വെള്ളം നിറച്ചും,മുഖം കഴുകിയും,തുടച്ചും,ഷർട്ടൂരിക്കൊണ്ടും ഇന്നച്ചൻ മൂന്നു തവണയെങ്കിലും വിവരം ലളിതേച്ചിയെ അറിയിക്കുന്നുണ്ട്.സ്ക്രിപ്റ്റിൽ എഴുതി വെക്കാൻ കഴിയുന്നതിനപ്പുറം,ഒരു സംവിധായകന് പറഞ്ഞുകൊടുക്കാവുന്നതിനുമപ്പുറം അഭിനേതാക്കളുടെ മനോധർമ്മം വാചാലമാകേണ്ട സിനിമാറ്റിക് നിമിഷങ്ങളാണവ.ഒട്ടും നാടകീയത കലരാതെ ഇന്നച്ചൻ അതിസുന്ദരമായ താളത്തിൽ അതിലൂടെ കടന്നുപോകുമ്പോൾ അതിനെ കോംപ്ലിമെന്റ് ചെയ്ത് ആ സീനിനെ അനശ്വരമാക്കുന്നത് ലളിതേച്ചിയുടെ ഭാവഹാവാദികളാണ്.

“സ്നേഹലതയുടെ അവിടൊന്ന് കയറി”എന്നു പറഞ്ഞ് ഇന്നച്ചൻ വായ് കഴുകുന്നു.അന്നേരം എന്നിട്ട് എന്ന ചോദ്യത്തിനൊപ്പം ലളിതേച്ചിയും കുനിയുന്നുണ്ട്.പിന്നീടുള്ള ഇന്നച്ചന്റെ ഓരോ ആക്ഷനവസാനിക്കുന്നതും ലളിതേച്ചിയുടെ “എന്താ പറഞ്ഞത്”എന്ന ചോദ്യത്തിലാണ്.ആ ചോദ്യത്തിന്റെ ആവർത്തനത്തിന്റെ പൊറുതികേടിലാണ് “അതന്നെയാ പറഞ്ഞത്”എന്ന ഇന്നച്ചന്റെ സഹികെടൽ ഹാസ്യമുത്പാദിപ്പിക്കുന്നത്.

ഇതേ രീതിയിലാണ് മണിച്ചിത്രത്താഴിലെ ആ ആഘോഷിക്കപ്പെടുന്ന രംഗവും സാക്ഷാത്കരിക്കപ്പെടുന്നത്.ഇവിടെ ലളിതേച്ചിയ്ക്ക് സംഭാഷണങ്ങളില്ല.ഇന്നച്ചന്റെ റോൾ ലളിതേച്ചിയെ കോംപ്ലിമെന്റ് ചെയ്യുക എന്നുള്ളതുമാണ്.അവരിരുവരും ആ രംഗത്തെ എലവേറ്റ് ചെയ്യുന്നത് ഒരു യുഗ്മഗാനത്തിലെ ആരോഹണാവരോഹണങ്ങളിലെ ഏകമനസ്കതയെ ഓർമ്മിപ്പിച്ചു കൊണ്ടാണ്.ലളിതേച്ചി വന്ന് പിറകിലൂടെ കെട്ടിപ്പിടിച്ച ശേഷം തിരിഞ്ഞ് ഭാര്യയാണെന്ന് തിരിച്ചറിഞ്ഞ ശേഷം എന്താ കാര്യമെന്ന് ഇന്നച്ചൻ ചോദിക്കുമ്പോൾ ലളിതേച്ചിയുടെ ചില എക്സ്പ്രഷനുകളുണ്ട്.പതുക്കെ അടുത്തേക്കു വന്ന് ഇന്നച്ചന്റെ തോളത്തു കൈ വെച്ച് പതുക്കെ നെഞ്ചു തടവി,നെറ്റി തൊട്ട് ഒടുക്കം ജുബ്ബ പൊക്കാൻ നോക്കുന്നതു വരെ ലളിതേച്ചിയുടെ റിഥം ഓഫ് ട്രാൻസിഷൻ അപാരമാണ്.അതിന്റെ ഭംഗിയേറ്റുന്നത് “എന്താ ഭാസുരേ?”,”എന്താന്ന്?”,”എന്താ വേണ്ടത്?”എന്നിങ്ങനെയുള്ള ഇന്നച്ചന്റെ ചോദ്യങ്ങളാണ്.മറ്റേയാൾ നിറഞ്ഞാടുമ്പോൾ അയാൾക്ക് കളം വിട്ടുനിൽക്കുക മാത്രമല്ല,ആ നിറഞ്ഞാട്ടത്തിന് കൂടുതൽ ശോഭ പകരാനാവശ്യമായ റിയാക്ഷനുകൾ അണ്ടർപ്ലേ ചെയ്തിട്ടായാലും നിർബാധം നൽകുക എന്നതിൽ ഇന്നസെന്റ്-ലളിത ദ്വയത്തോളം വിജയിച്ചവർ മലയാളസിനിമയിൽ കുറവായിരിക്കും.

“നോക്കൂ, നോക്കൂ….”

“അപ്പൊ നോക്കിക്കൊണ്ടല്ലേ ഇരിക്കണേ…”‘

പൊന്മുട്ടയിടുന്ന താറാവിലെ പണിക്കർ-ഭാഗീരഥി കോമ്പിനേഷനിൽ നിന്നും ഗജകേസരിയോഗത്തിലെ അയ്യപ്പൻ നായർ-മാധവി കോമ്പോയിലേക്കെത്തുമ്പോൾ ഇന്നച്ചനും,ലളിതയ്ക്കും പുറമേയ്ക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല.എന്നാൽ സീനിലേക്കെത്തുമ്പോൾ മുമ്പ് കണ്ടിരുന്നവരെ ഓർമ്മയിൽപ്പോലും വരുത്താതെ തകർത്താടുകയാണ് ഈ അഭിനേതാക്കൾ.താറാവിൽ ഭാഗീരഥി ഒരിത്തിരി സബ്മിസീവാണെങ്കിൽ മാധവി അത്രത്തോളം സഹിക്കാറില്ല.എന്നാൽ പിണങ്ങിയിരിക്കുമ്പോൾ അയ്യപ്പൻ നായർ വന്ന് കൊഞ്ചിച്ചാൽ മാധവി അത് മറക്കാറുമുണ്ട്.അവിടെ നിന്ന് ഗോഡ് ഫാദറിലെത്തുമ്പോൾ,സിനിമ പുരോഗമിക്കുന്നതിതനനുസരിച്ച് ഡൊമിനന്റാകുന്ന ലളിതേച്ചിയെ കാണാം.തുടക്കത്തിൽ അഞ്ഞൂറാനും,മകൻ പ്രേമചന്ദ്രനും വരുമ്പോൾ മക്കളെ പിടിച്ചു വലിച്ച് അകത്തേക്ക് ഉൾവലിയുന്ന കൊച്ചമ്മണിടീച്ചർ ക്ലൈമാക്സാകുമ്പോൾ സകലരെയും ഡൊമിനേറ്റ് ചെയ്യുന്നു.അങ്ങേയറ്റം പാട്രിയാർക്കിയലായ അഞ്ഞൂറാൻ കുടുംബത്തെ വിറപ്പിച്ചു നിർത്താൻ കൊച്ചമ്മിണി ടീച്ചർക്കാകുന്നുണ്ട്.അതിനൊക്കെയിടയിലും സ്വാമിനാഥനോടുള്ള ടീച്ചറുടെ പ്രണയം സൗരഭ്യമാർന്നു പ്രസരിക്കുന്നുമുണ്ട്.അവിടെയും നിസ്സഹായനായ ഇന്നച്ചന്റെ മറുപടിയാണ് ഈ ടീമിൽ നിന്നും മലയാളിയ്ക്ക് നിരന്തരം ലഭിച്ചിരുന്ന നിഷ്കളങ്കമായ ചിരി സമ്മാനിക്കുന്നത്.

“ഒരപകടവും വരുത്തീല്ലലോ എന്റീശ്വരാ”

“ഇതീക്കൂടതലിനിയെന്ത് അപകടം വരാനാ എന്റെ കൊച്ചമ്മിണീ?!”

എഴുതിവെക്കുമ്പോൾ വെറും രണ്ടു വരികൾ.പക്ഷേ അസാമാന്യപ്രതിഭാശാലികളായ രണ്ടു പേർ അതിന് ഉയിർ പകരുമ്പോഴോ?

ഒപ്പമുള്ളവരുടെ അഭിനയത്തികവാണ് ഓരോ അഭിനേതാവിന്റെയും റേഞ്ച് വർദ്ധിപ്പിക്കുന്നതും,അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുപ്പിക്കുന്നതും എന്ന് തിലകനൊരിക്കൽ പറഞ്ഞുകേട്ടിട്ടുണ്ട്.കൊണ്ടും,കൊടുത്തും മുന്നേറുന്ന ഒരു ദ്വന്ദ്വയുദ്ധം കൂടിയാണത്.അച്യുതൻ നായരില്ലാതെ സേതുമാധവനോ,നിശ്ചലില്ലാതെ ജോജിയോ,വിജയനില്ലാതെ ദാസനോ ഇല്ലെന്നു പറയുന്നതുപോലെയാണ് എതിർവശത്തു നിൽക്കുന്ന പെർഫോമറില്ലാതെ ഒറ്റയ്ക്കു നിൽക്കേണ്ടി വരുന്ന ഓരോ കഥാപാത്രത്തിന്റെയും/അഭിനേതാവിന്റെയും അവസ്ഥ. ഇന്നസെന്റിന്റെ എക്കാലത്തെയും ഓർത്തിരിക്കാവുന്ന അഭിനയമുഹൂർത്തങ്ങളിലെല്ലാം ജോഡിയായോ അല്ലാതെയോ കെ.പി.എ.സി ലളിത ഉണ്ടായിരുന്നു.ആർക്കറിയാം,ഒരു പക്ഷേ മറ്റൊരു ലോകത്ത് അവരിരുവരും മറ്റൊരു ഭാര്യാ-ഭർതൃവേഷമണിയാൻ ചായമിട്ടു തുടങ്ങിയിട്ടുണ്ടാവും.അപ്പോൾ ഇന്നച്ചൻ ലളിതേച്ചിയെ വിളിക്കും

“മാധവീ”

ലളിതേച്ചി മൂളിക്കൊണ്ട് വിളികേൾക്കും.ഇന്നച്ചൻ തുടരും.

“ഇവിടെ ചെറുനാരങ്ങ ണ്ടോ?

“എന്തേ?എന്തിനാ ഈ പാതിരാത്രിക്ക് ചെറുനാരങ്ങ??”

“ചെറുനാരങ്ങ ണ്ടോ ഇവടെ?

“ണ്ട്”

“ണ്ടെങ്കിലേ ഒരെണ്ണട്ത്ത് നിന്റെ വായില് കുത്തിത്തിരുകി കമിഴ്ന്നടിച്ച് അവടെ പണ്ടാരങ്ങിക്കിടക്ക്”

ഇന്നച്ചന്റെ താളത്തിലും,ലളിതേച്ചിയുടെ മൂളലുകളിലും മുഗ്ദ്ധനായി പടച്ചവൻ നിലയ്ക്കാത്തൊരു ചിരിപ്പെയ്ത്തിനു തുടക്കമിടും.സ്വർഗ്ഗത്തിലൊരു ബ്ലോക്ക്ബസ്റ്ററിന് ആരംഭമാകുന്നു.ഭൂമി ഓർമ്മകളാൽ സമ്പന്നമാകുന്നു.

Hot Topics

Related Articles