ഇന്ത്യയില്‍ നിന്നുള്ള കടല്‍ ചെമ്മീൻ കയറ്റുമതി നിരോധനം പിൻവലിക്കുന്നതിന് അമേരിക്കയുമായി ഉന്നതതല നയതന്ത്ര ചർച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്ത് അയച്ചു. അമേരിക്കയുടെ ഉപരോധം എണ്ണമറ്റ മത്സ്യത്തൊഴിലാളികളെയും കയറ്റുമതി മേഖലയെയും ദുരിതത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ജോണ്‍ ബ്രിട്ടാസ് വാണിജ്യ-വ്യവസായ മന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമുദ്രോത്പന്ന കയറ്റുമതി മേഖലയെ തകർക്കുന്നതാണ് അമേരിക്കയുടെ നടപടി. മത്സ്യബന്ധനത്തിനിടെ സംരക്ഷിത കടലാമകള്‍ വലകളില്‍ കുടുങ്ങുന്നുവെന്ന് കാട്ടി 2019ല്‍ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറ്റ് സമുദ്രോത്പന്ന കയറ്റുമതിയെയും ബാധിക്കുന്ന സ്ഥിതിയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് മന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
ഉപരോധത്തിന് അമേരിക്ക പറയുന്ന കാരണം അടിസ്ഥാനരഹിതമാണെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തില്‍, 8.09 ബില്യണ്‍ ഡോളർ വരുമാനമാണ് ഇന്ത്യ സമുദ്രോത്പന്ന കയറ്റുമതിയില്‍ നിന്ന് നേടിയത്. ഇതില്‍ 5.5 ബില്യണ്‍ ഡോളറും കടല്‍ ചെമ്മീൻ കയറ്റുമതിയില്‍ നിന്നായിരുന്നുവെന്നത് ഈ മേഖലയുടെ പ്രധാന്യം തെളിയിക്കുന്നതാണ്. അമേരിക്കൻ നിരോധനത്തെ തുടർന്ന് മറ്റു രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കടല് ചെമ്മീനടക്കമുള്ള സമുദ്രോത്പന്നങ്ങള്‍ വിൽക്കേണ്ടിവരുന്നതിനാല്‍ മത്സ്യബന്ധന വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. ഇത് ആഭ്യന്തര വിപണിയെയും തകർക്കുകയാണെന്നും ജോണ് ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.