തിരുവനന്തപുരം: ഗതാഗതവകുപ്പാണെങ്കില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് വ്യക്തമാക്കി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അത്തരം ഒരു കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചക്ക് വന്നിട്ടില്ലെന്നും എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ബിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നുണ്ടെന്നും ഗണേഷ്കുമാര് പറഞ്ഞു.
‘ഇപ്പോള്‍ മന്ത്രിയാകേണ്ട സാഹചര്യമില്ല, അപ്പോള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോട്ടയത്ത് വെള്ളപ്പൊക്കം ഉണ്ടെന്ന് കരുതി കൊട്ടാരക്കരയില്‍ നിന്ന് മുണ്ട് മടക്കി കുത്തേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല, പിന്നീട് നടന്ന ഇടത് മുന്നണി യോഗത്തിലും ഇക്കാര്യം പാര്‍ട്ടി സംസാരിച്ചിട്ടില്ല,’ ഗണേഷ് കുമാര്‍ വ്യക്തമാക്കി.