ദില്ലി: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ച സമസ്ത മുഖപ്രസംഗത്തോടുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് സമസ്ത മുഖ്യപത്രവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമുണ്ടായത്. എന്നാൽ ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു കെ.സി വേണുഗോപാൽ. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ പറയുന്നു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തിൽ പറയുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആർജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകർക്കപ്പെട്ട മതേതര മനസ്സുകൾക്ക് മുകളിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നത്. രാജ്യത്തെ മതവൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിൽ വീഴാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസ് കാട്ടണം. അല്ലെങ്കിൽ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്നായിരുന്നു അബൂബക്കർ മുസ്ലിയാരുടെ പ്രതികരണം. ചടങ്ങിൽ ക്ഷണം നിരസിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. എന്നാൽ പങ്കെടുക്കുമെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിനോടായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.