കോഴിക്കോട്: ലോക്സഭയിലേക്ക് മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ മുരളീധരൻ എംപി. മുൻപും അവർക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരിൽ തർക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ. മുരളീധരന്റെ പ്രതികരണം.
കരുവന്നൂരിൽ ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന് ആർക്കും പറയാനാകില്ല. ഇ.ഡി. അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാൽ കരുവന്നൂരിന്റെ മറവിൽ എല്ലാ സഹകരണ ബാങ്കുകളെയും തകർക്കാൻ അനുവദിക്കില്ല. അതിനോട് കോൺഗ്രസിന് യോജിപ്പില്ല. ഞങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ. ഒരു ഭയവുമില്ല. കരുവന്നൂരിൽ ഇ ഡി അന്വേഷണം പരമാവധി എ സി മൊയ്‌തീൻ വരെയേ എത്തു. അതിനു മുമ്പേ അഡ്ജസ്റ്റ്മെന്റ് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുവന്നൂർ വെച്ച് തൃശൂർ സീറ്റ് പിടിക്കാമെന്നു ബി ജെ പി കരുതേണ്ട. കെട്ടി വെച്ച പണം കിട്ടുമോ എന്ന് നോക്കിയാൽ മതിയെന്നും കെ മുരളീധരൻ പറഞ്ഞു. ഈ രീതിയിലാണ് അഴിമതി പോകുന്നതെങ്കിൽ കെ.എസ്.ആർ.ടി.സിയിലാണോ പൊലീസ് വാഹനത്തിലാണോ മന്ത്രിമാരുടെ മണ്ഡലപര്യടനം പോകുന്നതെന്ന് കണ്ടറിയാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.