തിരുവല്ല: കെ- റെയില്‍ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയ്ക്ക് സ്റ്റേഷനോ , സ്റ്റോപ്പോ ഇല്ല. ആലപ്പുഴ ജില്ലയിലെ സ്റ്റോപ് മുളക്കുഴയ്ക്ക് സമീപം നിശ്ചയിച്ചിട്ടുണ്ട്. കോട്ടയത്തും സ്റ്റോപ്പുണ്ട്. ആദ്യഘട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂരില്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ വേണ്ടത്ര യാത്രക്കാരെ കിട്ടില്ലെന്ന കാരണത്താല്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഇത് വേണ്ടെന്നുവച്ചു. ജില്ലയില്‍ കെ റെയിലിന്റെ സര്‍വേ പൂര്‍ത്തിയായപ്പോള്‍ 44. 47 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്ക്. ഇതില്‍ 80 ശതമാനം സ്ഥലങ്ങളും തിരുവല്ല, മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ടവയാണ്.
ഇതില്‍ തിരുവല്ല താലൂക്കിലെ കോയിപ്രം, ഇരവിപേരൂര്‍, കവിയൂര്‍, മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ കുന്നന്താനം പഞ്ചാത്തുകളിലെ സ്ഥലങ്ങളാണ് കൂടുതലായി ഉള്‍പ്പെട്ടിട്ടുള്ളത്. പദ്ധതിക്കു നേതൃത്വം നല്‍കുന്ന കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ പാതയുടെ അലൈന്‍മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. ജില്ലയിലെ നെല്ലിക്കല്‍, കോയിപ്രം, നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാന്താനം എന്നീ സ്ഥലങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. മാന്താനം, മാടപ്പള്ളി പ്രദേശങ്ങളിലൂടെ കോട്ടയം ജില്ലയിലേക്കു കടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍വേ പ്രകാരം തിരുവല്ല , മല്ലപ്പള്ളി താലൂക്കുകളില്‍ 350 വീടുകള്‍ നഷ്ടമായേക്കാം.ഇരവിപേരൂര്‍, കുന്നന്താനം പഞ്ചായത്തിലാണ് ഇതില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടിരിക്കുന്നത്.ഭാഗികമായി പൊളിക്കേണ്ട വീടുകളുടെ എണ്ണം 800 എങ്കിലും വരും. മഹാപ്രളയം ഏറ്റവും അധികം നാശം വരുത്തിയ മേഖലകളിലൂടെയാണ് പുതിയ പാത എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഈ മേഖലയിലെ വയല്‍, ചതുപ്പ് നിലം, നീര്‍ത്തടങ്ങള്‍ എന്നിവ നികത്തിയാല്‍ ചെറിയ വെള്ളപ്പൊക്കം പോലും അതിജീവിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ആശങ്കയും പ്രദേശ വാസികള്‍ക്ക് ഉണ്ട്. എന്നാലും ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം.