തിരുവനന്തപുരം : ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയശേഷം സിപിഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയില്‍ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ പിടികൂടാൻ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒളിവില്‍പ്പോയ എസ്എഫ്ഐ വനിതാ നേതാവിനെ പൊലീസ് പിടികൂടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ടിപി വധക്കേസ് പ്രതികളെ പിടിക്കാൻ പൊലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും ഇതാണ് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്നും സുധാകരൻ പറഞ്ഞു.
സിപിഎം നേതാക്കള്‍ ചിറകിലൊളിപ്പിച്ച എസ്എഫ്ഐ നേതാവിനെ പിടികൂടാൻ പോലീസിന് 16 ദിവസം വേണ്ടി വന്നു. പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ കഴിയാനും ഒത്താശ ചെയ്ത പോലീസ് കോടതിയില്‍ നിന്ന് മുൻകൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിനും ഒത്താശ ചെയ്തു. ഗത്യന്തരമില്ലാതെയാണ് ഒടുക്കം പാര്‍ട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ പോലീസിന് കീഴടങ്ങിയത്. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനും മൂന്നു കോളജുകളില്‍ അധ്യാപികയായി ജോലി നേടാനും വിദ്യയ്ക്ക് സഹായം നല്കിയവരെയും ഒളിവില്‍ പോകാൻ സഹായിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.