കോട്ടയം: കടുവാക്കുളത്ത് തകർന്ന റോഡിൽ മണ്ണിട്ട് നാട്ടുകാർ. മാസങ്ങളായി തകർന്നു കിടന്ന കടുവാക്കുളം റോഡിലാണ് നാട്ടുകാർ ചേർന്നു മണ്ണിട്ടത്. കടുവാക്കുളം – കൊല്ലാട് റോഡിൽ മാസങ്ങൾക്കൊണ്ട് വലിയ കുഴിയാണ് രൂപപ്പെട്ടത്. പനച്ചിക്കാട് ക്ഷേത്രം അടക്കമുള്ള പ്രദേശങ്ങളിലേയ്ക്ക് പോകുന്ന റോഡാണ് തകർന്നു തരിപ്പണമായി കിടക്കുന്നത്. മാസങ്ങളായി റോഡ് തകർന്ന് കുഴിയായിട്ടും പ്രദേശവാസികൾ നിരവധി തവണ അധികൃതരോട് പറഞ്ഞിരുന്നു. എന്നാൽ, ഒരാൾ പോലും റോഡ് നന്നാക്കാൻ തയ്യാറായില്ല.
തുടർന്നാണ്, നാട്ടുകാർ ചേർന്നു റോഡിന്റെ അറ്റകുറ്റപണി നടത്താനിറങ്ങിയത്. കടുവാക്കുളം പ്രദേശികളായ ജയപ്രകാശും, അച്ചൂട്ടിയും ചേർന്നാണ് റോഡിലെ കുഴിയിൽ മണ്ണിട്ട് റോഡിന്റെ അറ്റകുറ്റപണികൾ നടത്തിയത്. റോഡ് നവീകരണം നടത്താൻ അധികൃതർ തയ്യാറാകാതെ വന്നതോടെയാണ് ഇരുവരും ചേർന്ന് അറ്റകുറ്റപണികൾക്കായി രംഗത്തിറങ്ങിയത്. റോഡിലെ കുഴിയിൽ ഇരുവരും മണ്ണിട്ടതോടെ പ്രദേശത്തു കൂടി പോകുന്ന വാഹനങ്ങൾക്ക് അൽപം ആശ്വാസം ലഭിച്ചിട്ടുണ്ട്.