കല്ലറ (വൈക്കം): സാധാരണക്കാരായ യാത്രക്കാരെ കുരുക്കിലാക്കി കല്ലറ ജംഗ്ഷൻ. കുറവിലങ്ങാട് -ചേർത്തല മിനി ഹൈവേ കടന്നുപോകുന്ന പ്രധാന ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്നത്. ആംബുലസുകൾ അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്ന് പോകുന്നത്. മണിക്കൂറുകൾ എടുത്താണ് പല വാഹനങ്ങളും തിരക്കുള്ള സമയങ്ങളിൽ ഈ ജംഗ്ഷൻ കടന്ന് പോകുന്നത്. റോഡിന്റെ വീതികുറവാണ് പ്രധാന പ്രശ്നമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ ഒരേ സമയം രണ്ട് വാഹനങ്ങൾ പോലും കടന്നുപോകുന്നതിനു ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് നാട്ടുകാർ പറയുന്നു.
ഗതാഗത കുരുക്ക് രുക്ഷമായതോടെ കല്ലറക്കാർ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കമ്മറ്റി രൂപികരിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരെയും, സന്നദ്ധ സംഘടനകളെയും ഒരിന്നിച്ച് ചേർത്താണ് കമ്മിറ്റി രുപീകരിച്ചത്. ഗതാഗത പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുന്നതിനായി ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കമ്മിറ്റി യോഗം ചേരും.