കട്ടപ്പന: കാഞ്ചിയാര്‍ പേഴും കണ്ടത്ത് നഴ്സറി അധ്യാപിക അനുമോളെ ( വത്സമ്മ) കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയാണെന്ന് പ്രതി ബിജേഷ്.
വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പ്രതിയുടെ കുറ്റസമ്മതം. പ്രതിയുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തും. ഒളിവില്‍ പോയ തമിഴ്നാട്ടിലെത്തിയും പൊലീസ് തെളിവെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി ഒന്‍പതുമണിയോടെയായിരുന്നു കൊലപാതകം. ഹാളില്‍ കസേരയില്‍ ഇരുന്ന അനുമോളെ ബിജേഷ് ഷാള്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചു. പിന്നോട്ടുവലിച്ചപ്പോള്‍ അനുമോള്‍ തലയിടിച്ച് നിലത്തുവീണു. കഴുത്തില്‍ ചുറ്റിയ ഷാളില്‍ വലിച്ച് കിടപ്പുമുറിയിലേക്കു കൊണ്ടുപോയി. കട്ടിലില്‍ കയറ്റിക്കിടത്തിയശേഷം, ആത്മഹത്യയാക്കിത്തീര്‍ക്കാന്‍ ബ്ലേഡ് കൊണ്ട് അനുമോളുടെ ഇടതു കൈത്തണ്ട മുറിച്ചുവെന്നും ബിജേഷ് പൊലീസിനോട് പറഞ്ഞു.
പിന്നീട് ഷാള്‍ ജനല്‍ക്കമ്ബിയില്‍ കെട്ടി ജീവനൊടുക്കാന്‍ ബിജേഷ് ശ്രമം നടത്തി. കൈത്തണ്ട മുറിക്കാനും ശ്രമിച്ചു. എന്നാല്‍ ഇതു പരാജയപ്പെട്ടതോടെ അനുമോളുടെ സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. എന്നിട്ട് തൊട്ടടുത്ത മുറിയില്‍ മകള്‍ക്കൊപ്പം കിടന്നുറങ്ങി. പിറ്റേന്നു രാവിലെ മൃതദേഹം കട്ടിലില്‍ നിന്നും താഴെയിട്ട് പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയിലേക്കു മാറ്റുകയായിരുന്നു.
പിന്നീട് അനുമോളുടെ ഫോണ്‍ വിറ്റു. സ്വര്‍ണാഭരണങ്ങള്‍ 11,000 രൂപയ്ക്ക് പണയപ്പെടുത്തി, ആ പണവുമായാണ് തമിഴ്നാട്ടിലേക്ക് മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ബിജേഷ് വീട്ടുകാര്യങ്ങള്‍ നോക്കാത്തതിനെച്ചൊല്ലിയായിരുന്നു വഴക്ക്. സ്കൂളിലെ കുട്ടികളില്‍ നിന്നും പിരിച്ചെടുത്ത 10000 രൂപ അനുമോളുടെ കൈവശമുണ്ടായിരുന്നു. ഇത് ബിജേഷ് വാങ്ങിയിരുന്നു.
ഇതു തിരികെനല്കാത്തതിനെച്ചൊല്ലിയും വഴക്കുണ്ടായി. ഇതിനുശേഷം അനുമോള്‍ ബിജേഷിനെതിരെ വനിതാ സെല്ലില്‍ പരാതി നല്കി. ഈ
പരാതിയില്‍ മാര്‍ച്ച് 12നു ചര്‍ച്ച നടത്തിയ ശേഷം ബിജേഷ് വെങ്ങാലൂര്‍ക്കടയിലെ സ്വന്തം വീട്ടിലേക്കു പോയി.
രണ്ടുദിവസം പേഴുംകണ്ടത്ത് താമസിച്ച അനുമോള്‍ മാട്ടുക്കട്ടയിലെ ബന്ധുവീട്ടില്‍ നിന്നാണു സ്കൂളിലേക്കു പോയിരുന്നത്. 17ന് രാത്രി ഏഴുമണിയോടെയാണ് അനുമോള്‍ പേഴുംകണ്ടത്തെ വീട്ടിലെത്തുന്നത്. അന്ന് പകല്‍ ബിജേഷും വീട്ടിലെത്തിയിരുന്നു.
മദ്യപിച്ചെത്തിയ ബിജേഷും അനുമോളും തമ്മില്‍ തര്‍ക്കമുണ്ടായിയെന്ന് പൊലീസ് പറഞ്ഞു. വനിതാ സെല്ലില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായതായി പൊലീസ് സൂചിപ്പിച്ചു. തമിഴ്നാട്ടിലേക്കു കടന്ന ബിജേഷ് ഇന്നലെ കുമളിയില്‍ തിരിച്ചെത്തിയപ്പോള്‍, റോസാപ്പൂങ്കണ്ടത്തുവെച്ചാണ് പൊലീസിന്റെ പിടിയിലാകുന്നത്.