കണ്ണൂർ: എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. പുലർച്ചെ 1.45 ആയിരുന്നു സംഭവം.
അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ് ഇതും. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കേസിൽ എൻ ഐ എ വിവരങ്ങൾ തേടുന്നു. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്. ആ സാഹചര്യം കൂടി മുൻ നിർത്തിയാണ് വിവരശേഖരണം നടത്തുന്നത്.
ഒന്നേകാലിന് ആണ് തീ കണ്ടതെന്ന് കണ്ണൂരിൽ ട്രെയിൻ കത്തിയ സംഭവത്തിന്റെ ദൃക്സാക്ഷി പറയുന്നു. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതുകയായിരുന്നു. പാർസൽ ജീവനക്കാർ ഉണ്ടായിരുന്നു അവിടെ. പുകയുണ്ടെന്ന് പറഞ്ഞ് അവർ പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്.
സ്റ്റേഷൻ മാഷോട് വിഷയം അവതരിപ്പിച്ചു. അപ്പോഴേക്കും സൈറൻ മുഴക്കി. പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു. തീ പെട്ടെന്നായിരുന്നു കത്തിയത്. അതുകൊണ്ടു തന്നെ ദുരൂഹതയുണ്ടെന്നാണ് സംശയമെന്നും ദൃക്സാക്ഷി പറയുന്നു.