കണ്ണൂരില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ്; സ്ഥാപനം പൂട്ടി മുങ്ങിയ 2 പേര്‍ അറസ്റ്റിൽ

കണ്ണൂര്‍:കണ്ണൂരില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് പേരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ ഡയറക്ടറും തൃശൂര്‍ സ്വദേശിയുമായ ഗഫൂര്‍, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിക്ഷേപ തുകയോ പലിശയോ കൊടുക്കാതെ സ്ഥാപനം പൂട്ടി മുങ്ങി എന്ന പരാതിയിലാണ് നടപടി. ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.59.5 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പ് പരാതിക്കാര്‍ പൊലീസിനെ സമീപിച്ചതോടെ, ഈ മാസം 30ന് അകം നിക്ഷേപം തിരിച്ച്‌ നല്‍കാമെന്ന് രണ്ട് ഡയറക്ടര്‍മാരും ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ ഇത് നടക്കില്ലെന്ന നിഗമനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം രണ്ട് ഡയറക്ടര്‍മാരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പ് വാര്‍ത്തയായതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം പേരാണ് ഇന്നലെ ടൗണ്‍ സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. ഇത്രയും പരാതികളിലായി നഷ്ടപ്പെട്ടിരിക്കുന്നത് 6 കോടിയോളം രൂപയാണ്.12% പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ വലയില്‍ വീഴ്ത്തിയത്. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാരും പ്രവാസികളും വരെ ഇരകളായാതായാണ് വിവരം. 5300 രൂപ മുതല്‍, കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. 2020ലാണ് കമ്ബനി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ ജീവനക്കാര്‍ക്ക് ശമ്ബളവും നിക്ഷേപകര്‍ക്ക് പലിശയും കൃത്യമായി നല്‍കിയിരുന്നതായാണ് വിവരം. ഇതിന് ശേഷമുള്ള തട്ടിപ്പ് എങ്ങനെയാണ് നടന്നിരിക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്.

Hot Topics

Related Articles