തൃശൂർ: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാല് പ്രതികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം ഉടന്‍ തയ്യാറാക്കും. ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള അന്വേഷണം തുടരാനുമാണ് ഇഡിയുടെ നീക്കം.
നിലവിൽ നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്‍, പിപി കിരണ്‍, പിആര്‍ അരവിന്ദാക്ഷന്‍, സികെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍. പൊതുപണം തട്ടിയെടുത്തു, ഒരു വ്യക്തിക്ക് ഒരു വസ്തുവിന്റെ പണയത്തില്‍ ഒന്നിലധികം വായ്പകള്‍ അനുവദിച്ചു തുടങ്ങിയവയാണ് പ്രാഥമിക കുറ്റകൃത്യങ്ങൾ. ഇവരെ മുന്‍നിര്‍ത്തി ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റപത്രം നല്‍കാനുമാണ് ഇഡിയുടെ ശ്രമം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കള്ളപ്പണ നിരോധന നിയമ പ്രകാരമുള്ള ഇടപാടുകളിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്. പി സതീഷ് കുമാറും പി പി കിരണുമാകും പ്രധാന പ്രതികള്‍. ഇടപാടുകളുടെ കൂട്ടാളിയെന്ന നിലയിലാണ് പി ആര്‍ അരവിന്ദാക്ഷനെ കുറ്റപത്രത്തില്‍ അവതരിപ്പിക്കുക.
ശബ്ദരേഖയും ബാങ്ക് ഇടപാടുകളുമാണ് പി സതീഷ് കുമാറുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഇഡി ഉപയോഗിക്കുക. കുറ്റപത്രം നല്‍കുന്നതോടെ നാല് പേരുടെയും ജാമ്യം തടയാനാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. ഇത് തുടരന്വേഷണത്തിന് കൂടുതല്‍ കരുത്താകും. രണ്ടാം ഘട്ട അന്വേഷണത്തില്‍ ഉന്നത സിപിഐഎം നേതൃത്വത്തെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും ഇതര സഹകരണ സ്ഥാപനങ്ങളെയുമാണ് ഇഡി ലക്ഷ്യമിടുന്നത്.