തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 8 കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായും മന്ത്രി പറഞ്ഞു.
ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, ആന്‍ജിയോ പ്ലാസ്റ്റി സൗകര്യം എന്നിവ കാത്ത് ലാബിലൂടെ ജനങ്ങള്‍ക്ക് നല്കാന് സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ കൂടുതല്‍ പേര്‍ക്ക് ചെയ്ത ശേഷം രണ്ടാംഘട്ടമായി ആന്‍ജിയോ പ്ലാസ്റ്റി ആരംഭിക്കും. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനവും കാത്ത് ലാബില്‍ ലഭിക്കും. ഇതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി പേസ് മേക്കര്‍ തുടങ്ങി ചെലവേറിയ ചികിത്സകള്‍ സാധാരണക്കാര്‍ക്കും ലഭിക്കും. കാത്ത് ലാബ് സിസിയുവില്‍ 7 ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
കാസര്‍ഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്കി വരുന്നു. കാസര്‍ഗോഡ് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. കൂടാതെ സിസിയു നിര്‍മ്മിച്ചു. ഇഇജി മെഷീന് ലഭ്യമാക്കി. ജില്ലയില്‍ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് സാധ്യമാക്കി. കൂടാതെ കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയ്ക്കായി വളരെ പ്രാധാന്യം നല്കുന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
.