ചിറ്റാരിക്കൽ: തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി–തൃശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനായി ഏറ്റെടുത്ത വനഭൂമിക്കു പകരം റവന്യൂ സ്ഥലം കണ്ടെത്തിയത് കാസർകോട് കമ്മാടംകാവിൽ. 1.438 ഹെക്ടർ സ്ഥലമാണ് ഇത്തരത്തിൽ വനംവകുപ്പിനു കൈമാറേണ്ടത്. നഷ്ടമാകുന്ന വനഭൂമിക്കു പകരം പരിഹാര വനവൽക്കരണത്തിനായി ആദ്യം സ്ഥലം കണ്ടെത്തിയത് കാഞ്ഞങ്ങാട് അമ്പലത്തറ വില്ലേജിലായിരുന്നു.
1.438 ഹെക്ടർ സ്ഥലം ഇവിടെ നിന്നു കണ്ടെത്താമെന്നാണ് ലാൻഡ് റവന്യു കമ്മിഷണർ വഴി കലക്ടർ ആദ്യം ശുപാർശ നൽകിയത്. പിന്നീട് ഇതു മാറ്റി നൽകിയത് അനുസരിച്ചാണ് കമ്മാടംകാവിന്റെ സ്ഥലം അനുവദിച്ച് ഉത്തരവിറക്കിയത്.കേരളത്തിലെ ഏറ്റവും വലിയ കാവുകളിലൊന്നാണ് കമ്മാടംകാവ്. 100-110 ഏക്കർ വിസ്തൃതിയുണ്ടായിരുന്ന കമ്മാടംകാവിന് ഇപ്പോൾ 54.76 ഏക്കർ വിസ്തൃതി മാത്രമാണ്. ക്ഷേത്രം ഇരിക്കുന്ന 2.04 ഏക്കറും സമീപത്തെ 1.90 ഏക്കർ വയലും ദേവസ്വത്തിന്റെയാണ്. ബാക്കിയുള്ള റവന്യൂ ഭൂമിയിൽ നിന്നാണ് വനംവകുപ്പിനു സ്ഥലം നൽകുന്നത്. റവന്യൂ വകുപ്പ് വനംവകുപ്പിനാണു ഭൂമി കൈമാറുന്നതെങ്കിലും അതു വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരമല്ല. കേന്ദ്ര വനം മന്ത്രാലയത്തിന്റ നിർദേശങ്ങൾ പ്രകാരം ഉടമസ്ഥാവകാശം വനംവകുപ്പിനു കൈമാറുകയാണു ചെയ്യേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമ്മാടംകാവിന്റെ സമീപത്ത് കയ്യേറ്റങ്ങളുണ്ടെന്ന പരാതികൾ ഉയർന്നിരുന്നു. സാമൂഹിക വനവൽക്കരണ വിഭാഗം ഇതേറ്റെടുക്കണമെന്ന ആവശ്യങ്ങളുമുണ്ടായി. അമ്പലത്തറയിലെ റവന്യൂഭൂമി വനംവകുപ്പിനു വിട്ടുകൊടുക്കാൻ പാടില്ലെന്നു ജില്ലാ വികസന സമിതിയിലുൾപ്പെടെ ചർച്ചയുണ്ടായി. കമ്മാടംകാവിലെ കയ്യേറ്റ പ്രശ്നങ്ങൾ പരിഹരിക്കാൻ പകരം സ്ഥലം അവിടെ നിന്നു വനംവകുപ്പിനു വിട്ടുനൽകാൻ തീരുമാനിച്ചത് അങ്ങനെയാണ്. ഒരു ഹെക്ടറിനു മുകളിലുള്ള റവന്യൂഭൂമിയുടെ കാര്യത്തിൽ കലക്ടർക്ക് ശുപാർശ നൽകാനേ സാധിക്കൂ.