തിരുവല്ല : പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ അധീനതയിലുള്ള പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ കുറ്റൂർ ആറാട്ടുകടവ് – ഓതറ ആൽത്തററോഡ് പൂർണ്ണമായി തകർന്നിട്ടും അതു പരിഹരിക്കാൻ തയ്യാറാകാത്ത പിഡബ്ല്യുഡി അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി തിരുവല്ല പിഡബ്ല്യുഡി നിരത്തു വിഭാഗം കാര്യാലയം ഉപരോധിച്ചു.
ഉന്നത നിലവാരത്തിൽ ടാറിങ് ഉൾപ്പെടെയുള്ള പണികൾ നടത്തി ഈ റോഡ് മോടിയാക്കും എന്ന് പറഞ്ഞു തുടങ്ങിയ നിർമ്മാണം കലുങ്ക് നിർമ്മാണത്തിലും സംരക്ഷണഭിത്തി കെട്ടലിൽ മാത്രമായി അവസാനിച്ചിരിക്കുകയാണ്.
ഈ റോഡിലെ കുഴിയിൽ വീണ് നിരവധി യാത്രക്കാർക്കാണ് നിത്യേനപരിക്കുകൾ പറ്റുന്നത്. 4 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ റോഡിൽ ഒരു കിലോമീറ്റർ ഭാഗത്ത് ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പണികൾ നടക്കേണ്ടതു കൊണ്ടാണ് കാലതാമസം എന്നാണ് പിഡബ്ല്യു ഡി അധികൃതർ പറയുന്നത്. അധികൃതർ പറഞ്ഞ സമയപരിധി കഴിഞ്ഞിട്ടും പണികൾ നടക്കാതെ വരികയും റോഡിലെ കുഴികൾ വലുതാവുകയും കാലവർഷം ആരംഭിച്ചതോടുകൂടി ഈ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴി കാണാത്ത സാഹചര്യത്തിൽ നിരവധി യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈപ്പിടാൻ കാലതാമസം ഉണ്ടെങ്കിൽ ബാക്കി ഭാഗത്ത് ടാറിങ് ജോലികൾ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തു കളിയുടെ ഭാഗമായിട്ടാണ് ഈ റോഡിന്റെ പുനർനിർമ്മാണം പ്രവർത്തനം അനന്തമായി നീണ്ടുപോകുന്നത് എന്നും ആരോപിച്ചു.
കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മുളമൂട്ടിൽ അധ്യക്ഷതയിൽ നടന്ന ഉപരോധ സമരം കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് മാത്യു, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് , യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസ് തേക്കാട്ടിൽ, യുഡിഎഫ് കുറ്റൂർ മണ്ഡലം കൺവീനർ കെ എസ് എബ്രഹാം, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ടിന്റു കുറ്റൂർ, വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജാ സണ്ണി, ടോണി കുര്യൻ, വിനോദ് ഇളകുറ്റൂർ, എബ്രഹാം മാത്യു, സജി ചാക്കോ, ഇ എം എബ്രഹാം, മനീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.