കോട്ടയം: രണ്ടു മാസത്തോളമായി കോട്ടയത്തെ രാഷ്ട്രീയം വട്ടം കറങ്ങുന്നത് പാലാ കേന്ദ്രീകരിച്ചാണ്. കേസും വിവാദവും സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളും എന്തായാലും കോട്ടയത്തെ കോൺഗ്രസിന് പുതിയ ഉണർവേകിയിരിക്കുകയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ നിർണ്ണായകമായ നീക്കത്തിലൂടെ നാട്ടകം സുരേഷ്. സുരേഷിന്റെ മർമ്മം അറിഞ്ഞുള്ള പ്രയോഗത്തിലൂടെ കോൺഗ്രസിന് ജില്ലയിൽ കൈ വന്നത് പുതിയ ഉണർവാണ്. കേരള കോൺഗ്രസിനെ അതിന്റെ തട്ടകത്തിൽ കയറി വെല്ലുവിളിച്ചതോടെ കോൺഗ്രസ് പ്രവർത്തകർക്കും പതിവില്ലാത്ത ആവേശമാണ് ലഭിച്ചിരിക്കുന്നത്.
ഇവിടെ ശത്രു സി.പി.എമ്മല്ല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലായിലെ കോൺഗ്രസുകാർക്ക് സി.പി.എമ്മിനെക്കാൾ ശത്രുതയുള്ളത് കേരള കോൺഗ്രസിനോടാണ് എന്നത് പരസ്യമായ രഹസ്യമാണ്. യു.ഡി.എഫിനൊപ്പം ഒറ്റ മുന്നണിയായി നിന്നിരുന്നപ്പോൾ പോലും പാലായിലെ കോൺഗ്രസുകാർ കേരള കോൺഗ്രസിനെ അംഗീകരിച്ചിരുന്നില്ല. ഇതേ ശത്രുത തന്നെയാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രകടിപ്പിക്കുന്നത്. രാജ്യത്ത് എല്ലായിടത്തും കോൺഗ്രസിന് സി.പി.എമ്മും, ബി.ജെ.പിയുമാണ് ശത്രുപക്ഷത്തെങ്കിൽ പാലായിലെ ഓരോ കോൺഗ്രസുകാരന്റെയും ശത്രുപക്ഷത്തുള്ളത് കേരള കോൺഗ്രസ് തന്നെയാണ്. പാരമ്പര്യമായി കോൺഗ്രസ് രക്തം പകർന്നു കിട്ടിയ കോൺഗ്രസുകാരനെല്ലാം കേരള കോൺഗ്രസ് എന്നത് ചതുർത്ഥി കാണുന്നതിനു സമാനമാണ്. ഈ സാഹചര്യമാണ് ഇപ്പോൾ കേരള കോൺഗ്രസ് എതിർപക്ഷത്തായതോടെ കോൺഗ്രസ് കൃത്യമായി മുതലെടുക്കുന്നതും.
ചരിത്രത്തിലെ ഒരു ശത്രു
അത് പാലായിൽ
കോട്ടയം ജില്ലയിൽ കോൺഗ്രസ് ഏറ്റവും ദുർബലമായിരുന്ന പ്രദേശം ഏതെന്ന ചോദ്യത്തിന് ഏതൊരാൾക്കും ഉത്തരം പാലാ എന്നു മാത്രമായിരുന്നു. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിനെ പോലും കെ.എം മാണി നിശ്ചയിക്കുന്ന ഒരു കാലമായിരുന്നു പാലായിൽ ഉണ്ടായിരുന്നത്. ഈ സാഹചര്യമാണ് കേരള കോൺഗ്രസിനെ ബന്ധശത്രുവായി പാലായിലെ കോൺഗ്രസുകാർ കാണുന്ന സാഹചര്യത്തിലേയ്ക്ക് എത്തിച്ചത്. കേരള കോൺഗ്രസ് പാർട്ടി സ്വീകരിക്കുന്ന നിലപാടുകൾ എല്ലാം പഞ്ചപുച്ഛമടക്കി സ്വീകരിക്കേണ്ടി വരുന്നു എന്നത് പാലായിലെ കോൺഗ്രസുകാർക്കും അമർഷത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യമാണ് പലപ്പോഴും പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.എം മാണിയ്ക്ക് വോട്ട് കുറയുന്നതിന് ഇടയാക്കിയതും. കേരള കോൺഗ്രസിനെ തോൽപ്പിക്കാൻ ആരുടെയും ആഹ്വാനമില്ലെങ്കിൽ പോലും എതിർ സ്ഥാനാർത്ഥിയ്ക്കു വോട്ട് ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ എത്തിച്ചേർന്നതും ഇതേ മാനസികാവസ്ഥയുടെ ഫലമായായിരുന്നു.
സുരേഷിന്റെ തന്ത്രം
പാലായുടെ പാക്കിംങ്
പാലായിൽ ഇക്കുറിയുള്ള അനൂകൂല സാഹചര്യം കോൺഗ്രസിന് ഇനി ഒരിക്കലും ലഭിക്കില്ലെന്ന തിരിച്ചറിവ് തന്നെയാണ് തന്റെ കയ്യിലെ വജ്രായുദ്ധം പ്രയോഗിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെ സജ്ജനാക്കിയത്. ജില്ലയിൽ കോൺഗ്രസ് പാർട്ടി ഏറ്റവും ദുർബലമായ സ്ഥലത്ത് നടത്തിയ നിർണ്ണായക ഇടപെടലുകൾ സുരേഷിനെ പാർട്ടി പ്രവർത്തകർക്കിടയിൽ വേറിയ ശബ്ദമാക്കി മാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സഞ്ജയ് സഖറിയയെ അന്യായമായി ജയിലിൽ അടച്ച നടപടിയ്ക്കെതിരെ നാട്ടകം സുരേഷിട്ട ഫെയ്സ്ബുക്ക് പോസ്റ്റും, പിന്നാലെ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചും കോൺഗ്രസ് പ്രവർത്തകരിൽ ഉണ്ടാക്കിയ ഉണർവും, കേരള കോൺഗ്രസ് ക്യാമ്പിലുണ്ടാക്കിയ അങ്കലാപ്പും ചില്ലറയല്ല. പൊലീസ് സ്റ്റേഷൻ മാർച്ചോടെ തീർന്നു എന്ന് കരുതിയ സമയം, കോൺഗ്രസ് തുടർ സമരമാക്കി മാറ്റിയതോടെ സുരേഷിസത്തിന്റെ ഫലം കണ്ടത്. മുൻപ് ഒരു മാർച്ച് നടത്തി അവസാനിപ്പിച്ചിരുന്ന സമരം അതിന്റെ മൂന്നാം ഘട്ടത്തിലേയ്ക്കു കടന്നതോടെയാണ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ എന്താണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉദ്ദേശിക്കുന്നതെന്നു വ്യക്തമായത്. തങ്ങളുടെ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ശത്രുവിനെതിരെ ആഞ്ഞടിച്ച് കരുത്ത് കൂട്ടുക എന്ന തന്ത്രമാണ് കോൺഗ്രസ് ഇപ്പോൾ ജില്ലയിൽ പ്രയോഗിച്ചിരിക്കുന്നത്.
സമരം കരുത്ത് കൂട്ടി
കോൺഗ്രസ് പാലായിൽ നടത്തിയ സമരം അക്ഷരാർത്ഥത്തിൽ പ്രവർത്തകരുടെ ആവേശം കൂട്ടുകയായിരുന്നു. മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ പോലും കേരള കോൺഗ്രസ് നിശ്ചയിക്കുന്ന സാഹചര്യത്തിൽ നിന്നും കോൺഗ്രസ് പാർട്ടി ഒറ്റയ്ക്ക് നിന്നു നടത്തിയ പോരാട്ടം ഫലം കണ്ടു എന്നാണ് കഴിഞ്ഞ ദിവസം നടത്തിയ ഉപവാസ സമരത്തിലെ ആൾക്കൂട്ടം വ്യക്തമാക്കുന്നത്. കോൺഗ്രസ് പ്രവർത്തകനെതിരെ സൈബർ കേസ് എടുത്തതിനെതിരെയാണ് ആദ്യമായി പ്രതിഷേധവുമായി പാർട്ടി രംഗത്ത് എത്തിയത്. പിന്നാലെ, പൊട്ടിത്തെറിച്ച കോൺഗ്രസ് പ്രവർത്തർ പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തി. ഇതിനു പിന്നാലെ, കോൺഗ്രസ് നേതാവ് സഞ്ജയ് സഖറിയയും, ഭാര്യയും നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇതെല്ലാം പ്രത്യക്ഷത്തിൽ എത്തിയത് അക്ഷരാർത്ഥത്തിൽ കേരള കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ഇതാണ് ഇപ്പോൾ ജില്ലയിൽ കോൺഗ്രസിന് പുതിയ ഉണർവേകിയിരിക്കുന്നത്.