തിരുവല്ല : ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഇരു മുന്നണികളും പുറം തിരിച്ച് നില്ക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കി പോകുന്ന ഇരുമുന്നണികള്‍ ന്യൂനപക്ഷ വിഭാഗത്തിലെ തന്നെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ തിരസ്കരിക്കുന്ന സമീപനമാണ് കാലാകാലങ്ങളായി നടത്തിയിരുന്നത്. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പ്രധാന മുന്നണി നേതാക്കന്മാരുമായി നടത്തിയ സംവാദത്തെ തുടര്‍ന്ന് കെ. സി. സി. മൂന്നു മുന്നണികളോടുമായി അവരുടെ ഭരണത്തില്‍ ക്രൈസ്തവ സമൂഹത്തിന് ഉണ്ടായ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെ ദളിത് ക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യം നിഷേധിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരികെ അധികാരത്തിലെത്തിയാല്‍ മതത്തിന്റെ പേരില്‍ ഉള്ള ഈ വിവേചനം അവസാനിപ്പിക്കും എന്ന് ഉറപ്പു നല്‍കണം. അതോടൊപ്പം തന്നെ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിത് ക്രൈസ്തവ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കണം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്‍കണമെന്ന കേരള ഹൈക്കോടതി വിധിയില്‍ ക്രൈസ്തവ സമൂഹത്തിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപ്പീലിനെ എതിര്‍ക്കുവാന്‍ യുഡിഎഫ് തയ്യാറാണോ എന്ന് പ്രസ്താവിക്കണം.
ജാതി സെന്‍സസ് നടപ്പിലാക്കുമ്പോള്‍ സംവരണം നിലവില്‍ നിഷേധിക്കപ്പെട്ട ക്രൈസ്തവ സമൂഹത്തിന്റെ അവസ്ഥ എന്താകും എന്ന് വ്യക്തമാക്കണം. സംവരണം 50 ശതമാനത്തില്‍ അധികമാകുമ്പോള്‍ ക്രൈസ്തവ സമൂഹത്തിന്റെ നില കൂടുതല്‍ പരിതാപകരമാക്കാന്‍ ആയിരിക്കും അത് സഹായിക്കുക. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിലെ ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പുകള്‍ നീക്കം ചെയ്യണം. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നിയമത്തില്‍ രണ്ടാമത്തെ അംഗം മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഉള്ളതായിരിക്കണം എന്ന നിബന്ധന എടുത്തു കളഞ്ഞുകൊണ്ട് അതും ക്രൈസ്തവ സമൂഹത്തിന് നിഷേധിച്ച മന്ത്രി ജലീലിന്റെ ക്രൈസ്തവ സമൂഹത്തോടുള്ള നീതി നിഷേധം തിരുത്തുവാന്‍ രണ്ടാം പിണറായി സര്‍ക്കാരും തയ്യാറായിട്ടില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ ക്രൈസ്തവ സമൂഹത്തിന് ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്‍കണമെന്ന ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈസ്തവര്‍ക്കെതിരായി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത് ദൗര്‍ഭാഗ്യകരമാണ്.ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ നിര്‍ത്തലാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തിരികെ നല്കുവാന് സര്‍ക്കാര്‍ തയ്യാറാകണം. മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ രൂപത്തില്‍ ക്രൈസ്തവ പൂര്‍ണ്ണസമയ സുവിശേഷ പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് അടിയന്തരമായി രൂപീകരിക്കണം. ഇപ്രകാരം ഒരു ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ ഉണ്ടാകാവുന്ന സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ക്രൈസ്തവ സഭാ നേതൃത്വവുമായി ആലോചിച്ച് അതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുവാന്‍ തയ്യാറാകണം. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷമായിട്ടും നാളിതുവരെ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തിയത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രൈസ്തവ സമൂഹത്തോടുള്ള താല്പര്യക്കുറവ് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ അടിച്ചമര്‍ത്തുന്നതിനും കുറ്റക്കാരായ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി ഒരു ചെറുവിരല്‍ പോലും അനക്കാതെ രാഷ്ട്ര പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയണം.
കേന്ദ്രസര്‍ക്കാരിന്റെ അറിവോടുകൂടി അല്ല എങ്കില്‍ പോലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ക്ക് പിന്തുണ അര്‍പ്പിക്കുന്ന പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളെ തള്ളിപ്പറയുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നൂപുര്‍ ശര്‍മ്മയ്ക്കെതിരെ നടപടിയെടുത്തതുപോലെ ക്രൈസ്തവ സമൂഹത്തിന് നേരെ അതിക്രമം നടത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണം. യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കണം എന്ന് പറയുന്ന സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ വിവേചനപരമായ നിയമങ്ങള്‍ ഇല്ലാതാക്കണം. അതില്‍ ആദ്യമായി ചെയ്യേണ്ടത് ദളിത് ക്രൈസ്തവര്‍ക്ക് അവരുടെ മതവിശ്വാസത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ട സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തിരിച്ചു നല്കുവാന് ക്രമീകരണം ചെയ്യുക എന്നുള്ളതാണ. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിലൂടെ ക്രൈസ്തവ സമൂഹത്തിനു നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുവാന്‍ കര്‍ശന നടപടിയെടുക്കണം. ഇക്കാര്യങ്ങളില്‍ മുന്നണി നേതൃത്വം അവരുടെ നിലപാട് അറിയിക്കുകയും മുന്നണികളുടെ പ്രതികരണവും സ്ഥാനാര്‍ത്ഥികളുടെ മികവും മനസ്സിലാക്കി തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുകയും ചെയ്യണം എന്ന് കെ.സി.സി. യോഗങ്ങളില്‍ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ അറിയിച്ചു.