കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ശനിയാഴ്ച കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സംരംഭങ്ങൾ ആരംഭിച്ചവരാണ് കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനിയിൽ ഒത്തുചേരുന്നത്.
എട്ട് മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച കേരളത്തിന്റെ സംരംഭക വർഷം പദ്ധതി ദേശീയ അംഗീകാരം നേടിയിരുന്നു.സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുക്കപ്പെട്ട സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെ 1,22,080 സംരംഭങ്ങളും 7462.92 കോടിയുടെ നിക്ഷേപവും 2,63,385 തൊഴിലും ഉണ്ടായതായാണ് സർക്കാർ കണക്ക്. സംരംഭകർക്ക് പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ വിപുലീകരണത്തിന് ആവശ്യമായ സഹായം ലഭ്യമാക്കാനുമാണ് സംരംഭക സംഗമം ലക്ഷ്യമിടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാം കേരളത്തിൽ നിന്നുള്ള നിക്ഷേപമാണെന്നും നേരത്തേ ഉണ്ടായിരുന്ന പണവും സ്വർണവും തൊഴിൽ സൃഷ്ടിക്കുന്ന മൂലധനമായി മാറുകയായിരുന്നുവെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായാണ് സംഗമം. ജനപ്രതിനിധികൾക്ക് പുറമെ വ്യവസായ വാണിജ്യ സംഘടനകളുടെ ഭാരവാഹികളും പ്രമുഖ സംരംഭകരും പങ്കെടുക്കും.