കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി തള്ളി കേരള ഹൈക്കോടതി. അവാർഡ് നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജി നൽകിയത്. അവാര്‍ഡ് നിര്‍ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
ജൂറി അംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ അവർക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. തെളിവ് ഹാജരാക്കാൻ ഹർജിക്കാരൻ കൂടുതൽ സാവകാശം തേടിയെങ്കിലും ഇതെല്ലാം ഹർജി സമർപ്പിക്കുമ്പോൾ വേണമായിരുന്നുവെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹർജിക്കാരനായ സംവിധായകൻ അവാർഡിന് സമർപ്പിച്ച ഗണത്തിലുള്ള സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്ലെന്നും അതിനാൽ ഹർജിക്കാരന്‍റെ അവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അവാർഡ് പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടതിന് തെളിവുണ്ടെന്നും, അതിനാൽ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട് അർഹതയുള്ളവരുടെ അവാർഡ് തടഞ്ഞെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. സിനിമ സംവിധായകനായ വിനയൻ പുറത്ത് വിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്‍റെ തെളിവായി ഹർജിയിൽ ചൂണ്ടികാട്ടുകയും ചെയ്തു.
തന്‍റെ സിനിമയ്ക്ക് പുരസ്കാരം കിട്ടാതിരിക്കാൻ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്‍റെ പക്കൽ തെളിവുണ്ടെന്നായിരുന്നു സംവിധായകൻ വിനയന്‍റെ ആരോപണം.