ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാൻ കേന്ദ്രം രാഷ്ട്രീയ കൗശലം പ്രയോഗിക്കുന്നുവെന്ന് കേരള സർക്കാർ. സംസ്ഥാന ചീഫ് സെക്രട്ടറി വി. വേണു സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നീതീകരിക്കാൻ കഴിയാത്ത നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും സംസ്ഥാനം നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
കേന്ദ്രത്തിന്റെ കടുംപിടിത്തതിന് കേരളം കനത്ത വില നല്‍കേണ്ടിവരുന്നതായും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. ധനകമ്മിഷൻ ശുപാർശചെയ്ത പരിധിക്കുള്ളില്‍ ധന, റവന്യു കമ്മികള്‍ നിലനിർത്താൻ കഴിയുന്നതായും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടിയന്തരമായി 2,62,226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.