പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ മമ്മൂട്ടിയും പുലർച്ചെ ഒന്നരയോടെ മോഹൻലാലും എത്തിയിരുന്നു.
ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിന്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. 1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിന്റെ ജനനം. ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ്.