തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുറിയിപ്പ് പുറപ്പെടുവിച്ചത്. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയാണ് തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചത്. ഈ ന്യൂനമർദ്ദം രണ്ട് ദിവസത്തില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്നും പ്രവചനമുണ്ട്.
ഈ സാഹചര്യത്തിലാണ് കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബർ 26-27 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.