തിരുവനന്തപുരം: തലസ്ഥാനത്ത് മണിക്കൂറുകളായി പെയ്യുന്ന മഴയിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട്. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണുള്ളത്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും ശക്തമായി തന്നെ പെയ്യുകയാണ്.
നെയ്യാറ്റിൻകര, പൊന്മുടി, വർക്കല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ്. അതുപോലെ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, ഉള്ളൂർ, വെള്ളായണി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിൽ അഞ്ച് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴയാണ് പെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രി തെക്കൻ, മധ്യ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ കിട്ടിയിരുന്നു. 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ടെക്നോപാർക്ക് ഫെയ്സ് 3 ക്കു സമീപം തെറ്റിയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. 3 കുടുംബങ്ങളെ ഫയർഫോഴ്സ് വാട്ടർ ഡിങ്കിയിൽ മാറ്റി. ശ്രീകാര്യത്ത് കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്നു വീടിനു മുകളിൽ പതിച്ചു.
ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞുവീണാണ് സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചത്. ഞായറാഴ്ച വെളുപ്പിന് 12.30ഓടെയാണ് സംഭവം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആർക്കും പരിക്കില്ല.
പോത്തൻകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.