തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചെങ്കിലും അടുത്ത അഞ്ച് ദിവസം കൂടെ മഴ തുടരാനാണ് സാധ്യത. ഒന്നിന് പിറകെ ഒന്നായി നാല് ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതാണ് മഴ തുടരാന്‍ കാരണം. ഇതില്‍ തന്നെ സെപ്റ്റംബര്‍ 28, 29 ദിവസങ്ങളില്‍ മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഉത്തര്‍ പ്രദേശിന്റെ തെക്ക് കിഴക്കന്‍ മേഖല, ഛത്തീസ്ഗഢിന്റെ തെക്കന്‍ മേഖല, തമിഴ്‌നാടിന്റെ തീരപ്രദേശം, ഒഡിഷയുടെ വടക്കന്‍ മേഖല എന്നിങ്ങനെ നാല് ചക്രവാതച്ചുഴികളാണ് നിലനില്‍ക്കുന്നത്.
ഇതിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടെ രൂപപ്പെടാനും സാധ്യതയുണ്ട്.
ഇത് തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി രൂപാന്തരപ്പെടും. ഈ സാഹചര്യത്തില്‍ അടുത്ത 5 ദിവസം കൂടി ശക്തമായ മഴ പെയ്യാനാണ് സാധ്യത.