തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ലൈഫ് ഭവനപദ്ധതിക്കായി 1132 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി. 2025 മാർച്ച് 31നകം ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലൈഫ് 2023-24 വർഷത്തില്‍ 1,51,073 വീടുകളുടെ നിർമാണവും പദ്ധതിയില്‍ ഇതുവരെ 3,71,934 വീടുകളുടെ നിർമാണവുമാണ് പൂർത്തീകരിച്ചത്. 1,19,687 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ലൈഫ് പദ്ധതിക്കായി സർക്കാർ ഇതുവരെ 17,104.8 കോടി രൂപ രൂപ ചെലവഴിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളില്‍ പതിനായിരം കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലുള്ള ബജറ്റ് വിഹിതത്തിനു പുറമേ സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് ദീർഘകാല വായ്പാപദ്ധതി ഉപയോഗിച്ച് വേഗത്തില്‍ നിർമാണം പൂർത്തീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭവനനിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈ. ഗ്രാമീണ്‍ പദ്ധതിക്ക് കീഴില്‍ വീടൊന്നിന് കേന്ദ്രം നല്‍കുന്നത് 1.2 ലക്ഷം രൂപയാണ്. ഇതിന്റെ 60 ശതമാനമായ 72000 രൂപയാണ് കേന്ദ്രവിഹിതം. എന്നാല്‍ സംസ്ഥാന സർക്കാർ വീടൊന്നിന് നാല് ലക്ഷം രൂപ നിശ്ചയിച്ച് ബാക്കി തുകയായ 3.8 ലക്ഷം രൂപ നല്കുന്നു. ഈ പദ്ധതിക്കുള്ള 2024-25ലെ സംസ്ഥാനവിഹിതമായി 207.92 കോടി രൂപ വകയിരുത്തും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ സംസ്ഥാന വിഹിതമായി 133 കോടി രൂപ വിലയിരുത്തും.
പി.എം.എ.വൈ ഗ്രാമീണ്‍ അർബൻ എന്നീ പദ്ധതികള്‍ക്ക് ബ്രാൻഡിങ് നല്‍കണമെന്ന കേന്ദ്രനിബന്ധന ഗുണഭോക്താക്കള്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്നതാണ്. ഇതില്‍ സംസ്ഥാനസർക്കാർ ഭിന്നാഭിപ്രായം അറിയിച്ചിട്ടുണ്ട്. അർഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ നിന്ന് കേന്ദ്രസർക്കാർ പിന്നോട്ടുപോവുകയാണ്. അതിനാല്‍ പദ്ധതിക്കുള്ള കേന്ദ്രവിഹിതം കൂടി സംസ്ഥാന സർക്കാർ കണ്ടെത്തേണ്ട അവസ്ഥയാണ്. വീട് ലഭിക്കുന്നവരുടെ വ്യക്തിത്വം അടിയറവ് വെയ്ക്കുന്ന നയങ്ങള്‍ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു