കീവ് : യുക്രെയ്നുമായുള്ള യുദ്ധം ഒന്നര വര്‍ഷം പൂര്‍ത്തിയാകവേ ഒരു വര്‍ഷം മുമ്ബ് അനധികൃതമായി നാല് യുക്രെയ്ൻ പ്രദേശങ്ങള്‍ പിടിച്ചെടുത്തതിന്റെ വാര്‍ഷികം ആഘോഷിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിൻ. തങ്ങളുടെ ഭൂമി റഷ്യ അനധികൃതമായി പിടിച്ചെടുത്തതാണെന്ന് യുക്രെയ്ൻ ആരോപിക്കുമ്ബോള്‍ പിതൃഭൂമിയോട് ചേരാനുള്ള ആഗ്രഹം അവിടത്തെ ജനങ്ങള്‍ സ്വമേധയാ എടുത്തതാണെന്നാണ് വ്ളാഡിമിര്‍ പുട്ടിൻ അവകാശപ്പെടുന്നത്.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതെന്നും ഇന്നലെ നല്കിയ സന്ദേശത്തില്‍ പുട്ടിൻ വ്യക്തമാക്കി. സെപ്റ്റംബര്‍ ആദ്യം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഡൊണെസ്ക്, ലുഹാൻസ്ക്, സപ്പോരിഷിയ, ഖേഴ്സണ്‍ എന്നീ മേഖലകളിലെ ജനങ്ങള്‍ റഷ്യയുടെ ഭാഗമാകാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഭരണകക്ഷി ഭൂരിഭാഗം വോട്ടുകളും നേടിയതായാണ് റഷ്യയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. അതേസമയം, കഴിഞ്ഞ വര്‍ഷം നടത്തിയ റഫറൻഡവും ഇപ്പോള്‍ നടത്തിയ പ്രാദേശിക തെരഞ്ഞെടുപ്പും തട്ടിപ്പാണെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാര്‍ഷികം ആഘോഷിക്കുന്നതിനായി വെള്ളിയാഴ്ച പ്രത്യേക സംഗീത പരിപാടി സംഘടിപ്പിച്ചെങ്കിലും പരിപാടിയില്‍ റഷ്യൻ പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. അതേസമയം, വെള്ളിയാഴ്ച രാത്രി ഒഡേസ, മൈകോളൈവ്, വിന്നിറ്റ്സിയ എന്നീ നഗരങ്ങള്‍ ലക്ഷ്യമിട്ട് വന്ന 40 ഇറാൻ നിര്‍മിത കാമിക്കാസേ ഡ്രോണുകളില്‍ 30 എണ്ണവും യുക്രെയ്ൻ എയര്‍ ഡിഫൻസ് സംവിധാനം തകര്‍ത്തതായി വ്യോമസേന അറിയിച്ചു. നേരത്തെ ഉത്തരകൊറിയൻ, ചൈനീസ് ആയുധ സാന്നിധ്യങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇറാൻ നിര്‍മ്മിത ആയുധങ്ങളുടെ സാന്നിധ്യം ഇതാദ്യമാണ് .