സംഘപരിവാറില്‍ വന്‍ കൊഴിഞ്ഞു പോക്ക്; സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ ജനകീയ മുഖവും സി.പി.എമ്മിലേയ്ക്ക്; ഹിന്ദു ഐക്യവേദി മുന്‍ ജനറല്‍ സെക്രട്ടറി കെ.കേശവദേവും സി.പി.എമ്മിലേയ്ക്ക്

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി സംപൂജ്യരായ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോട്ടയം ജില്ലയില്‍ അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നും രാജി വച്ച് വിവിധ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ സംഘപരിവാര്‍ സംഘടനകളിലെ ജനകീയ മുഖമായ ബി.ജെ.പി നേതൃത്വത്തിനോട് ഇടഞ്ഞ് നിന്നിരുന്ന കെ.കേശവദാസ് സി.പി.എമ്മില്‍ ചേര്‍ന്നത്.

Advertisements

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനുമാണ് കേശവദാസ് അടക്കമുള്ള നേതാക്കളെ സ്വീകരിച്ചത്. ഹിന്ദു ഐക്യവേദി മുന്‍ ജനറല്‍ സെക്രട്ടറിയായ കെ.കേശവദാസ് ബി.ജെ.പിയുടെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും ജില്ലയിലെ മുഖം കൂടിയാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ എത്തി പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നിരുന്ന കേശവദാസ് ജില്ലയില്‍ ബി.ജെ.പിയുെടയും ഹൈന്ദവ സംഘടനകളുടെയും വളര്‍ച്ചയിലെയും ഏകോപനത്തിലെയും നിര്‍ണായക കണ്ണിയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രാതിനിധ്യമില്ലാതിരിക്കെ ആദ്യ ജനപ്രതിനിധിയെ പൂങ്കുന്നത്ത് നിന്നും വിജയിപ്പിച്ചത് കേശവദാസിന്റെ നേതൃത്വത്തിലായിരുന്നു. കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും കോട്ടകളില്‍ വരെ കേശവദാസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനം ബി.ജെ.പിയുടെ സ്വാധീനമേഖലയാക്കി. ഇന്ന് പൂങ്കുന്നം തുടങ്ങി അയ്യന്തോള്‍ വരെയെത്തുന്ന മേഖലകള്‍ ബി.ജെ.പിയുെട ശക്തികേന്ദ്രമായതിന് പിന്നില്‍ കേശവദാസിന്റെ സംഘാടക മികവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോര്‍പ്പറേഷനില്‍ കുട്ടന്‍കുളങ്ങര ഡിവിഷനിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് ബി.ജെ.പിയോട് അകലാന്‍ കാരണം.

കോണ്‍ഗ്രസിന്റെ കുത്തക ഡിവിഷനായിരുന്ന ഇവിടെ കേശവദാസിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പിടിച്ചെടുത്തിരുന്നത്. ഡിവിഷനിലെ സിറ്റിങ് കൗണ്‍സിലര്‍ ആയിരുന്ന ഐ.ലളിതാംബികയെ അഭിപ്രായം പോലും തേടാതെ തുടരവസരം നല്‍കാതെ ബി.ജെ.പി സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണന് മല്‍സരിക്കാന്‍ സീറ്റ് ഏറ്റെടുത്തതായിരുന്നു തര്‍ക്കത്തിനിടയാക്കിയത്. ഇതായിരുന്നു നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതക്ക് കാരണം. ഇവിടെ ഗോപാലകൃഷ്ണന്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബി.ജെ.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും മുഖമായിരുന്നു കേശവദാസ്. പാര്‍ട്ടിയുടെയും സംഘടനയുടെയും മുതിര്‍ന്ന നേതാക്കളെക്കാള്‍ കൂടുതല്‍ ജനങ്ങള്‍ അറിഞ്ഞിരുന്നതും വിഷയങ്ങളില്‍ ഇടപെട്ടിരുന്നതും കേശവദാസ് ആണ്.

കഴിഞ്ഞ പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറെ നേട്ടമുണ്ടാക്കിയ ശബരിമല യുവതീപ്രവേശന വിവാദത്തിന് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ട നാമജപയാത്ര തൃശൂരില്‍ കേശവദാസിന്റെ നേതൃത്വത്തിലായിരുന്നു. പൂങ്കുന്നത്തെ ഗണേശോല്‍സവം, ശബരിമല തീര്‍ഥാടനകാലത്ത് മണ്ഡലകാലം 41 ദിവസം നീണ്ട് നില്‍ക്കുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാന പരിപാടി എന്നിവ കേശവദാസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഭിന്നതകള്‍ക്ക് പരിഹാരമായി പാര്‍ട്ടിയില്‍ സജീവമാകാന്‍ ആലോചിച്ചിരുന്നുവെങ്കിലും നേതൃത്വത്തിന്റെ ഇന്നത്തെ സമീപനത്തിനോട് പൊരുത്തപ്പെടാനാവാത്തതാണ് പൂര്‍ണമായും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നും മാറാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കേശവദാസ് പറയുന്നു.

കേശവദാസിനൊപ്പം ബി.ജെ.പിയിലെ അതൃപ്തരായ മുതിര്‍ന്ന നേതാക്കള്‍ കൂടി സി.പി.എമ്മിലേക്ക് ഉടന്‍ ചേക്കേറുന്നുണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് നടന്ന സ്വീകരണ യോഗത്തില്‍ കേശവദാസിനൊപ്പം ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജനറല്‍ സെക്രട്ടറി ഷാജി മനന്തന്‍, ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.ബി.രണേന്ദ്രനാഥും പങ്കെടുത്തു. കേശവദാസിനെ പോലൊരാളുടെ നഷ്ടം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. അതേ സമയം കേശവദാസിനെ പോലെ സജീവമായി നിറഞ്ഞ് നിന്നിരുന്ന നേതാവിന്റെ വരവ് ശബരിമല വിവാദത്തിന് ശേഷം ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയിലുണ്ടായ അകല്‍ച്ച മാറ്റാനും ഈ മേഖലകളില്‍ എളുപ്പം കയറാനും സി.പി.എമ്മിന് സഹായകരമാകും.

നേരത്തെ കോട്ടയം ജില്ലയിലെ സംഘപരിവാര്‍ നേതൃത്വങ്ങളില്‍ സജീവമായിരുന്ന സംഘപരിവാറിലെ ജനകീയ മുഖമായിരുന്ന ഹിന്ദു ഐക്യവേദി നേതാക്കളായ രാജേഷ് നട്ടാശേരിയും, ബിനു തിരുവഞ്ചൂരും അടക്കമുള്ള നൂറിലേറെ നേതാക്കള്‍ സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച് എന്‍.സി.പിയില്‍ ചേര്‍ന്നിരുന്നു. ഇത്തരം പൊട്ടിത്തെറികളാണ് ഇപ്പോള്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ സംഘപരിവാറില്‍ നിന്നും പുറത്തേയ്ക്കു പോകാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

Hot Topics

Related Articles