​വൈദ്യുതി ബിൽ കുടിശികയുണ്ടെന്ന പേരിൽ വീണ്ടും ​ഓൺ​ലൈൻ പണംതട്ടൽ വ്യാപകം!

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും ​വൈദ്യുതി ബില്ലിന്റെ പേരിൽ ആളുകളുടെ പണം തട്ടുന്നത് വ്യാപകമാകുന്നു. ​വൈദ്യുതി ബിൽ കുടിശികയുണ്ടെന്ന പേരിൽ ഉപയോക്താക്കളുടെ ഫോണുകളിലേക്ക് സന്ദേശം അ‌യച്ചുകൊണ്ടാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. നിങ്ങളുടെ ​​കണസ്യൂമർ നമ്പരിന്റെ പേരിൽ ഇത്ര രൂപ വൈദ്യുതി കുടിശിക ഉണ്ട് എന്നും കണക്ഷൻ കട്ട് ആകാതിരിക്കാനും നടപടികൾ ​ഒഴിവാക്കാനും ഇവിടെ നൽകിയിരിക്കുന്ന നമ്പരുമായി ബന്ധപ്പെടുക എന്ന തരത്തിലാണ് ടെക്സറ്റ് മെസേജ് എത്തുക. കെഎസ്ഇബി അ‌ധികൃതർ നൽകുന്ന മുന്നറിയിപ്പ് എന്ന വ്യാജേന ഫോണിൽ എത്തുന്ന സന്ദേശം കണ്ട് ഉപയോക്താക്കൾ ഭയക്കുകയും സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന നമ്പരിലേക്ക് വിളിക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ തിരുവനന്തപുരത്തെ കെഎസ്ഇബിയുടെ കേന്ദ്ര ഓഫീസിൽ നിന്നാണ് വിളിക്കുന്നത് എന്നും ​​​വൈദ്യുതി കുടിശിക സംബന്ധിച്ച പ്രശ്നം തീർക്കാൻ അ‌വർ പറയുന്ന പ്രകാരം ചെയ്യണമെന്നും ആവശ്യപ്പെടും. തുടർന്നാണ് തട്ടിപ്പിലേക്ക് കടക്കുന്നത്.

Advertisements

കോട്ടയത്ത് സംക്രാന്തിയിൽ ഒരു ഉപയോക്താവിന് ഇത്തരത്തിൽ മെസേജ് എത്തി. കുടിശിക ഉണ്ടായിരുന്നില്ല എങ്കിലും കെഎസ്ഇബിയിൽനിന്നുള്ള അ‌റിയിപ്പ് എന്ന നിലയിൽ കുടുംബം മെസേജിൽ കണ്ട നമ്പരിലേക്ക് തിരിച്ചുവിളിച്ചു. തിരുവനന്തപുരത്തുനിന്നാണ് വിളിക്കുന്നത് എന്നുതന്നെയാണ് ഇവിടെയും തട്ടിപ്പുകാർ പറഞ്ഞത്. കുടിശിക നിലവിൽ ഇല്ലെന്ന് കുടുംബം അ‌റിയിച്ചപ്പോൾ തങ്ങൾ പറയുന്ന നിർദേശപ്രകാരം കാര്യങ്ങൾ ചെയ്യണമെന്ന് മറുഭാഗത്തു ഫോണിൽ ഉള്ളവർ അ‌റിയിച്ചു. തുടർന്ന് ഒരു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ അ‌വർ അ‌റിയിച്ചു. കുടുംബത്തിലെ ഗൃഹനാഥന്റെ മകൻ ആയിരുന്നു ​എതിർവശത്തുള്ളവരുമായി സംസാരിച്ചുകൊണ്ടിരുന്നത്. ആപ്പ് ഏതാണ് എന്ന മകന്റെ ചോദ്യത്തിന് എനിഡെസ്ക് എന്നായിരുന്നു മറുപടി. ഇതോടെ അ‌പകടം മണത്ത മകൻ സംശയം പ്രകടിപ്പിച്ചതോടെ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് കുടുംബം കെഎസ്ഇബി അ‌ധികൃതരുമായി ബന്ധപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൾ എടുത്തതും തട്ടിപ്പുമായി ബന്ധപ്പെട്ടാണോ വിളിക്കുന്നത് എന്നായിരുന്നു ചോദ്യം. ഇത്തരത്തിൽ തട്ടിപ്പുകാരുടെ കോൾ എത്തിയതായി അ‌റിയിക്കാൻ നിരവധി പേർ വിളിക്കുന്നുണ്ടെന്നും പലർക്കും പണം നഷ്ടമായെന്ന് കെഎസ്ഇബി അ‌ധികൃതർ തന്നെ വെളിപ്പെടുത്തുന്നതായും കുടുംബം പറയുന്നു. മകൻ സ്ഥലത്ത് ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തങ്ങൾ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടത് എന്നാണ് കുടുംബം പറയുന്നത്. കെഎസ്ഇബിയുടെ പേരിൽ ഇത്തരമൊരു വൻ തട്ടിപ്പ് നടന്നിട്ടും ആളുകൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാനോ തട്ടിപ്പുകാർക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കാനോ അ‌ധികൃതർക്ക് സാധിച്ചിട്ടില്ല. ഉപയോക്താക്കളുടെ കൺസ്യൂമർ നമ്പർ, മൊ​ബൈൽ നമ്പർ, കഴിഞ്ഞ മാസത്തെ കൃത്യമായ ബിൽതുക എന്നിവ സഹിതമാണ് തട്ടിപ്പുകാർ ആളുകളെ കുടുക്കാൻ ഇറങ്ങുന്നത്. ഇത്രയും വിവരങ്ങളും കെഎസ്ഇബിയുടേത് എന്ന് തോന്നിപ്പിക്കുന്ന മെസേജും കൂടി കാണുമ്പോൾ ഒരുവിധം ആളുകൾ ഒക്കെ വിശ്വസിച്ചു പോകും.

നമ്മുടെ ഡി​വൈസ് എതിർവശത്തുള്ള ആൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന എനിഡെസ്ക് പോലുള്ള ആപ്പുകൾ എന്താണ് എന്ന് അ‌റിയാത്തവർ ചിലപ്പോൾ തട്ടിപ്പുകാരുടെ വലയിൽ വീണെന്നും വരാം. ഓൺ​ലൈൻ മാർഗങ്ങളിലൂടെ ​വൈദ്യുതി ബിൽ അ‌ടയ്ക്കുന്ന ആളുകളുടെ വിവരങ്ങൾ ചോർത്തിയെടുത്താണ് തട്ടിപ്പുകാർ ഇരയെ കണ്ടെത്തുന്നത് എന്നാണ് നിഗമനം. രണ്ടു മാസം മുൻപും ​വൈദ്യുതി ബില്ലിന്റെ പേരിൽ വാട്സ്ആപ്പ് മുഖേന തട്ടിപ്പിന് ശ്രമങ്ങൾ നടന്നിരുന്നു. അ‌ന്ന് വാട്സ്ആപ്പ് മെസേജ് ആയിരുന്നു എങ്കിൽ ഇപ്പോൾ ടെക്സ്റ്റ് മെസേജ് ആണ് ആളുകൾക്ക് ലഭ്യമാകുന്നത് എന്നവ്യത്യാസം മാത്രമാണ് ഉള്ളത്. തട്ടിപ്പ് പുതിയ രീതിയിൽ തുടരുകതന്നെയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിലും ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ട്. കെഎസ്ഇബി ആവശ്യമായ മുന്നറിയിപ്പ് നൽകിയില്ല എങ്കിൽക്കൂടി, അ‌നുഭവസ്ഥർ വിവരം ചുറ്റുമുള്ളവരെ അ‌റിയിച്ചാൽ അ‌വർക്ക് ജാഗ്രത പാലിക്കാൻ കഴിഞ്ഞേക്കും.

Hot Topics

Related Articles