ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് കടക്കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയില്‍നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടുകയെന്ന ബിജെപിയുടെ പദ്ധതി നടക്കില്ലെന്നും ഇത്തവണ അധികാരത്തില്‍നിന്ന് അവർ പുറത്താക്കപ്പെടുമെന്നും ഖാർഗെ അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 ഉം എൻഡിഎ 400 ഉം സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം പറയുന്നതിനിടെയാണ് ഖാർഗെയുടെ പരാമർശം.
പദ്ധതികളെല്ലാം കോണ്‍ഗ്രസ് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് ഇവിടെയെത്തുമ്പോള്‍ പ്രധാനമന്ത്രി പറയുക. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ എന്തു ചെയ്യുകയാണെന്നാണ് എനിയ്ക്ക് അവരോട് ചോദിക്കാനുള്ളത്. ജനങ്ങള്‍ ഇതിനെല്ലാം തക്കതായ മറുപടി നല്‍കും. രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കഠിനാധ്വാനം ചെയ്ത മണ്ണാണിതെന്നും അമേഠിയിലെ ജനങ്ങള്‍ക്ക് ഗാന്ധികുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷയും നിലവില്‍ റായ്ബറേലിയില്‍നിന്നുള്ള ലോക്സഭാംഗവുമായ സോണിയാഗാന്ധി രാജസ്ഥാനില്‍നിന്നും രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചുകഴിഞ്ഞു. 2019-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ദിനേശ് പ്രതാബ് സിങിനെ 165000 വോട്ടുകള്‍ക്കാണ് സോണിയ പരാജയപ്പെടുത്തിയത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.