കീവ് : ലോകരാജ്യങ്ങള്‍ക്ക് ഒരു സംശയവും വേണ്ടെന്നും തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെയെന്നും പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ രംഗത്തെത്തി.യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് പൂര്‍ണ പിന്തുണയെന്നും കിം ജോംഗ് ഉന്‍ ആവര്‍ത്തിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള റഷ്യന്‍ പോരാട്ടത്തിന് എല്ലാ സഹായവുമുണ്ടാകുമെന്നും കിം ജോംഗ് ഉന്‍ വ്യക്തമാക്കി. റഷ്യന്‍ പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കിം ജോംഗ് ഉന്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.
അതേസമയം ആണവായുധ പരീക്ഷണത്തിനുള്ള നീക്കത്തിലാണ് റഷ്യ. ആണവായുധ പരീക്ഷണം വീണ്ടും നടത്തുമോയെന്ന ചോദ്യത്തോട് അതിനുള്ള സാധ്യത തള്ളാതെയുള്ള മറുപടിയാണ് റഷ്യൻ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി സെര്‍ജി യാബ്കോവ് നല്‍കിയത്. പരീക്ഷണം പുനരാരംഭിക്കുന്നത് പരിഗണനയിലുള്ള കാര്യമെന്നും സെര്‍ജി യാബ്കോവ് വിവരിച്ചു. 1990 ന് ശേഷം റഷ്യ ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വീണ്ടുമൊരു ആണവായുധ പരീക്ഷണത്തിലേക്ക് റഷ്യ കടക്കുന്നുവെന്ന റിപ്പോർട്ടുകളെ അതീവ ശ്രദ്ധയോടെയാണ് ലോകം നോക്കിക്കാണുന്നത്.