പത്തനംതിട്ട: മികച്ച പൊതു-സാംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന യുവജന സംഘടനയായ ഡിവൈഎഫ്ഐയിൽ അധമ സംസ്ക്കാരത്തിൻ്റെ പുഴുക്കുത്തുകൾ ഏൽപ്പിക്കുന്ന ചില നേതാക്കൻമാരുടെ വഴിവിട്ട മാഫിയ ബന്ധങ്ങൾ വാർത്തയാക്കിയ പ്രൈം ന്യൂസിൻ്റെ ന്യൂസ് കോഡിനേറ്ററും കെ ജെ യു ജില്ലാ സെക്രട്ടറിയുമായ ബിനോയി വിജയനെയും അമ്മ ശാന്തമ്മയെയും ഡിവൈഎഫ് ഐ മേഖലാ നേതാവിൻ്റെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ചതിൽ കേരള ജേണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് രാജു കടകരപ്പള്ളി, സംസ്ഥാന വൈസ് പ്രസിഡൻ്റ് സനൽ അടൂർ, എന്നിവർ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ലെ ചില നേതാക്കളുടെ മാഫിയ ബന്ധം വാർത്തയാക്കിയതിനാണ് ബിനോയി വിജയനും മാതാവും ഒരു മേഖലാ നേതാവിൻ്റെ നേതൃത്വത്തിൽ ആക്രമിക്കപ്പെട്ടത്
രാഷ്ട്രീയ യുവജന സംഘടനകളുടെ സാമൂഹ്യ ഇടപെടലുകളും, ജനോപകാര പ്രവർത്തനങ്ങളും വാർത്തയാക്കുമ്പോൾ തന്നെ ഈ സംഘടനകളിലെ അപചയങ്ങളും , പ്രവർത്തകരുടെയും, നേതാക്കളുടെയും പോരായ്മകളും വഴിവിട്ട ബന്ധങ്ങളും ചൂണ്ടിക്കാട്ടി തിരുത്തൽ ശക്തിയായി പ്രവർത്തിക്കുവാനുള്ള സാമൂഹ്യ പ്രതിബദ്ധത മാധ്യമങ്ങൾക്കുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളെയും, മാധ്യമ പ്രവർത്തകരെയും കായിക ശക്തി ഉപയോഗിച്ച് അമർച്ച ചെയ്യുവാനും, നിശബ്ദരാക്കുവാനുമുള്ള ഏത് നീക്കത്തെയും കെ ജെ യു ശക്തമായി എതിർക്കുമെന്ന് ഐ ജെ യു ദേശീയ എക്സിക്യൂട്ടീവ് സമിതി അംഗം ബാബു തോമസ്, കെ ജെ യു സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലിൽ, ജില്ലാ ആക്ടിങ്ങ് പ്രസിഡൻ്റ് ജിജു വൈക്കത്തുശ്ശേരി എന്നിവർ അറിയിച്ചു. ബിനോയ് വിജയനെയും മാതാവിനെയും ആക്രമിച്ച സംഭവത്തിലെ പ്രതികൾക്കെതിരെ അടിയന്തിര നടപടികൾ പോലീസ് അധികൃതർ സ്വീകരിക്കണമെന്ന് കെജെയു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ കെ ജെ യു അടൂർ, പന്തളം മേഖലാ കമ്മറ്റികളും പ്രതിഷേധിച്ചു.