നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മൂർഖൻ ജോയി കാപ്പ നിയമ ലംഘനം നടത്തിയ കേസിൽ അറസ്റ്റില്‍

കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ മൂർഖൻ ജോയി അറസ്റ്റിൽ. കാപ്പാ നിയമ ലംഘനം നടത്തിയ കേസിലാണ് അറസ്റ്റ്. എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (61) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 19 ഓളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് പൊൻകുന്നം ഭാഗത്ത് എത്തിയതായി എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്നും ഒരു ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുക്കുകയും ചെയ്തു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്. റ്റി, എ.എസ്.ഐ മാത്യു വർഗീസ്, സി.പി.ഓ.മാരായ രാജൻ.വി, ശ്രീജിത്ത്‌ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Advertisements

Hot Topics

Related Articles