എറണാകുളം: എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്കേറ്റ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമെന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാർ. തന്നെ സംഘാടകർ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്, അപ്പോള്‍ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നു. ജിസിഡിഎ ചെയർമാനും വിളിച്ചെങ്കിലും പോയില്ല. സംഘാടകർ കോർപ്പറേഷന്‍റെ ഒരനുമതിയും വാങ്ങിച്ചില്ലെന്നും ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനില്‍ കുമാർ പറഞ്ഞു.
സ്റ്റേഡിയത്തില്‍ നടന്നത് ടിക്കറ്റ് വച്ച് പണം പിടിച്ചുള്ള പരിപാടിയാണ്. അതിന് ചില്ലികാശ് വിനോദ നികുതി അടച്ചിട്ടില്ല. കോര്‍പറേഷന്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്ക് ഉടൻ നോട്ടിസ് അയക്കുമെന്നും മേയർ പറഞ്ഞു.