കൊല്ലാട് നിന്നും
പൊളിറ്റിക്കൽ ഡെസ്ക്
കൊല്ലാട്: കൊല്ലാട് സർവീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തർക്കം സി.പി.എമ്മിൽ പൊട്ടിത്തെറിയിലേയ്ക്ക്. സി.പി.ഐ വിട്ടു വന്ന നേതാവിനെ പ്രസിഡന്റ് ആക്കിയതിൽ പ്രതിഷേധിച്ച് ബാങ്ക് ഡയറർ ബോർഡ് അംഗത്വ സ്ഥാനം സി.പി.എം നേതാവ് രാജി വച്ചിരുന്നു. ഇത് അടക്കമുള്ള വിവാദങ്ങൾ കൊല്ലാട് പ്രദേശത്തെ സി.പി.എം അണികളിലും നേതാക്കളിലും അമർഷത്തിന് ഇടയാക്കിക്കിയിട്ടുണ്ട്. ഇതിനിടെ ബാങ്ക് പ്രസിഡന്റ് ഇ.ടി എബ്രഹാം സി.പി.ഐ വിട്ടത് മകൾക്ക് ജോലി ലഭിക്കാത്തതിനെ തുടർന്നാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സി.പി.എമ്മിന്റെ കാൻഡിഡേറ്റ് മെമ്പർ മാത്രമായ എബ്രഹാമിനെ ബാങ്ക് പ്രസിഡന്റാക്കിയതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.
ഇന്നലെ ബാങ്കിലെ ഡയറക്ടർ ബോർഡ് സ്ഥാനം സി.പി.എം നേതാവായ ഷാജി തുണ്ടിയിൽ പൂവൻതുരുത്ത് രാജി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് മാത്രമാണ് ഇ.ടി എബ്രഹാം സിപിമ്മിന്റെ ഭാഗമായി എത്തിയത്. പാർട്ടിയുടെ പല ബ്രാഞ്ച് കമ്മിറ്റികളിൽ അംഗത്വമെടുക്കാൻ ശ്രമിച്ചിട്ടും ഇദ്ദേഹത്തിന് കാൻഡിഡേറ്റ് മെമ്പർഷിപ്പ് മാത്രമാണ് ഇതുവരെയും ലഭിച്ചത്. ഇത്തരത്തിൽ കാൻഡിഡേറ്റ് മെമ്പർഷിപ്പ് മാത്രമുള്ളയാൾക്ക് ഏറെ സുപ്രധാനമായ ബാങ്ക് പ്രസിഡന്റ് സ്ഥാനം നൽകിയതാണ് പാർട്ടിയ്ക്കുള്ളിൽ വിവാദമായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ പനച്ചിക്കാട് സർവീസ് സഹകരണ ബാങ്കിലെ തസ്തികയെച്ചൊല്ലിയാണ് വിവാദമുണ്ടായത്. ഇവിടെ തസ്തികയിൽ ഒഴിവ് വന്നപ്പോൾ ഇടതു മുന്നണിയിൽ സി.പി.ഐ ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചു. എന്നാൽ, സി.പി.എം ഈ സീറ്റ് നൽകാൻ തയ്യാറായില്ല. പാർട്ടി വിഷയത്തിൽ കൃത്യമായി ഇടപെട്ടില്ലെന്നാരോപിച്ചാണ് എബ്രഹാം അന്ന് പാർട്ടി വിട്ടത്. തുടർന്ന് ഇ.ടി എബ്രഹാം സി.പി.എമ്മിലേയ്ക്കു ചേക്കേറുകയായിരുന്നു. ഇതേ തുടർന്നു സി.പി.എം പനച്ചിക്കാട് സർവീസ് സഹകരണ ബാങ്കിലെ ഈ തസ്തികയിലേയ്ക്ക് ഇ.ടി എബ്രഹാമിന്റെ മകളെ നിയമിക്കുകയും ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൊല്ലാട് ബാങ്കിന്റെ പ്രസിഡന്റായി എബ്രഹാമിനെ നിയമിച്ചത് വിവാദമായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള മുന്നണിയാണ് മത്സരിച്ചത്്. കഴിഞ്ഞ തവണ ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഷാജിയെ പ്രസിഡന്റാക്കുമെന്നായിരുന്നു ധാരണ. എന്നാൽ, സി.പി.ഐ വിട്ടെത്തിയ ഇ.ടി എബ്രഹാമിനു പ്രസിഡന്റ് സ്ഥാനം നൽകുകയായിരുന്നു. ഇതിൽ സി.പി.എമ്മിലെ ഒരു വിഭാഗത്തിനു കടുത്ത എതിർപ്പുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. ഇതേ തുടർന്നാണ് ഇപ്പോൾ ഷാജി രാജി വച്ചത്.