കോട്ടയം : പ്രളയകാലത്ത് പഞ്ചായത്ത് ഏപ്പെടുത്തിയ ക്യാമ്പിൽ അരിയും ഭക്ഷണ പദാർത്ഥങ്ങളുമായി ഓടിയെത്തിയ സുധിയുടെ മുഖം വാകത്താനം നിവാസികളുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. 2018 ൽ നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ ക്യാമ്പിലേക്ക് കരുതലായി എത്തിയ സുധിയെ അന്നാണ് നേരിൽ കണ്ടതെന്ന് ഓർമ്മിച്ചെടുക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി. പ്രളയകാലത്ത് ജീവിത പ്രയാസങ്ങളിലും താൻ താമസിക്കുന്ന നാടിന് കരുതലായി ഓടിയെത്തിയ താരം. താര പരിവേഷത്തിന്റെ പകിട്ടില്ലാത്ത എളിയ കലാകാരൻ വാകത്താനത്തെ ജനങ്ങൾക്കും ഏറെ പ്രിയങ്കരനായിരുന്നു .
ജന്മം കൊണ്ട് കൊല്ലം കാരനെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി വാകത്താനം പൊങ്ങന്താനത്തെ ഭാര്യ വീട്ടിലായിരുന്നു സുധിയുടെ താമസം. സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി വാടക വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുമ്പോഴും അപരന്റെ ദുരിതങ്ങൾക്കു മുന്നിൽ കൈത്താങ്ങായി ഓടിയെത്തിയ സുധി വാകത്താനംകാരുടെയാകെ മരുമകനായി മാറുവാൻ അധികം കാലം വേണ്ടി വന്നില്ല. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ന് നാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമ ടെലിവിഷൻ താരത്തിന്റെ പകിട്ടില്ലാതെ സാധാരണക്കാനായി ജീവിച്ച സുധി വാകത്താനക്കാർക്ക് തങ്ങളിലൊരാളാണ്.
പേര് കൊല്ലം സുധിയെന്നാണെങ്കിലും അഞ്ചു വർഷമായി അദ്ദേഹം വാകത്താനം സ്വദേശിയാണ്. മിനി സ്ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോളും ഒരു സാധാരണക്കാരനയ സുധിചേട്ടനും അളിയനുമൊക്കെയായി.
ചേട്ടാ…ഒരു സെൽഫിവേണമെന്നു പറഞ്ഞാൽ സമയമോ സാഹചര്യമോ നോക്കാതെ ചേർത്തുനിർത്തും… വാകത്താനത്തെ ഒട്ടുമിക്ക ചെറുപ്പക്കാരുടെ ഫേസ്ബുക് പ്രൊഫൈലിലും സുധിയോടൊപ്പമുള്ള ഒരു സെൽഫിയുണ്ടാവും.
തീഷ്ണമായ ജീവിത സാഹചര്യങ്ങളിൽകൂടി കടന്നുവന്ന കൊല്ലം സുധി ഒരു കലാകാരനെന്നനിലയിൽ മിനി സ്ക്രീനിലും സിനിമയിലും തിളങ്ങിനിൽക്കുമ്പോളാണ് അകാലത്തിലെ വേർപാട്. ജീവിതം കരുപ്പിടിപ്പിക്കാൻ ഏറെ കഷ്ടതകൾ സഹിച്ച കലാകാരൻ. നിഷകളങ്കമായ ചിരി സമ്മാനിച്ച് പ്രേക്ഷക ഹൃദയങ്ങളെ ചിരിക്കാൻ പഠിപ്പിക്കുമ്പോഴും സുധി ഉള്ളിൽ കരയുകയായിരുന്നു. കൈ കുഞ്ഞിനെ തന്നെ ഏൽപ്പിച്ച് മറ്റൊരു ജീവിതം തേടി പോയ ആദ്യ ഭാര്യ നൽകിയ പരാജയത്തെ പോലും അതിജീവിച്ച് പുതിയ സ്വപ്നങ്ങൾ തേടി ജീവിച്ച സുധി .
ചിരി മറന്ന രാവുകളിൽ വേദികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയ കലാകാരന്റെ വേർപാട് ഒരുപാട് ഹൃദയങ്ങളിൽ തീരാ മുറിവാണ്. എം ടി കുറിച്ചത് പോലെ മരണം രംഗബോദമില്ലാത്ത കോമാളി തന്നെയാണ്. അതല്ലായിരുന്നെങ്കിൽ വടകരയിലെ വേദിയിലേക്ക് രംഗബോദമില്ലാതെ അനവസരത്തിൽ കടന്നു വന്ന ആ കോമാളി ആ കാറിനെ പിന്തുടർന്ന് ഒടുവിൽ സുധിയെ കൂടെ കൂട്ടില്ലായിരുന്നല്ലോ ……..