വെണ്ണിക്കുളം: വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലം മാത്യു റ്റി. തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
പാലത്തിനുണ്ടായ കേടുപാടുകളും ബലക്ഷയം ഉണ്ടായോ എന്നതും വിദഗ്ധര്‍ പരിശോധിക്കുമെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തിലും ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. വളരെ അപ്രതീക്ഷിതമായ മഴവെള്ളപ്പാച്ചിലിലാണ് കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നതെന്നും എംഎല്‍എ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കല്ലൂപ്പാറ- പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ തുരുത്തിക്കാട് ഭാഗത്തേക്കുള്ള കരയില്‍ 60 മീറ്ററോളം വരുന്ന അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള ഭാഗമാണ് ഒഴുക്കില്‍പ്പെട്ടുപോയത്. കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴയില്‍ മണിമലയാറ്റിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്നാണ് പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയത്.
ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യൂ, പഞ്ചായത്ത് അംഗം ജോളി റെജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി അലക്‌സ് കണ്ണമല, കെഎസ്റ്റിപി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജാസ്മിന്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സുഭാഷ് കുമാര്‍, മല്ലപ്പളളി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷിബു തോമസ്, വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു.