ലോട്ടറിക്കച്ചവടക്കാർക്ക് കള്ളനോട് നൽകി തട്ടിപ്പ് : കള്ളനോട്ട് കേസിൽ ആലപ്പുഴ സ്വദേശികളായ അമ്മയും മകളും അറസ്റ്റിൽ

കോട്ടയം : ലോട്ടറി കച്ചവടക്കാർക്ക് കള്ളനോട്ട് നൽകി ലോട്ടറി വാങ്ങിയ കേസിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ കലവൂർ ക്രിസ്തുരാജ് കോളനിയിൽ പറമ്പിൽ വീട്ടിൽ വിലാസിനി  (68) ഇവരുടെ മകളായ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വിലാസിനി ഇന്നലെ കോട്ടയം നഗരത്തിലെ ലോട്ടറി കടയിൽ ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തുകയും സംശയം തോന്നിയ കടയുടമ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. 

തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും നോട്ടുകൾ കള്ളനോട്ട് ആണെന്ന് തിരിച്ചറിയുകയും, വിലാസിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെര്ടുത്തു . തുടർന്ന് ഈ കേസിലേക്ക് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, വിലാസിനിയെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ മകൾ കൂടി ഇതില്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ഇവർ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടിൽ എത്തി മകൾ ഷീബയെ പിടികൂടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും വീടിന്റെ ഹാളിലെ കട്ടിലിനടിയിൽ പത്രപേപ്പറിൽ ഒളിച്ചു വച്ചിരുന്ന 500 രൂപയുടെ 31 ഉം, 200 രൂപയുടെ 7 ഉം, 100 രൂപയുടെ 4 ഉം, 10 രൂപയുടെ 8 വ്യാജ നോട്ടുകളും പോലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ലാപ്ടോപ്പും , പ്രിന്ററും, സ്കാനറും പോലീസ് കണ്ടെടുത്തു. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും ഗൂഗിളിൽ സെർച്ച് ചെയ്തു പഠിച്ച ശേഷമാണ് വ്യാജ കറൻസി ഉണ്ടാക്കിയതെന്നും, അതിനുശേഷം അമ്മയുടെ കയ്യിൽ കൊടുത്തു വിട്ട് ലോട്ടറി കച്ചവടക്കാർക്കും, മാർക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാർക്കും ആയി സാധനങ്ങൾ വാങ്ങി അവയ്ക്കുള്ള വിലയായി വ്യാജ നോട്ട് കൊടുത്തു മാറുകയായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. 

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ. ശ്രീജിത്ത്. ടി, സി.പി.ഓ മാരായ ജോർജ് എ.സി, മഞ്ജുള , ഷാഹിന സി.എച്ച് , എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Hot Topics

Related Articles