ചികിത്സാ ചിലവ് വർദ്ധിക്കുന്നുണ്ടോ ? 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ : അമ്പരപ്പിക്കുന്ന ഓഫർ പരിചയപ്പെടാം

വർഷം തോറും ഇന്ത്യയിലെ ചികിത്സാച്ചെലവുകള്‍ വർദ്ധിച്ച്‌ വരികയാണ്. ഇതിനനുസരിച്ച്‌ നമ്മുടെ വരുമാനത്തിലും വർദ്ധനവ് വന്നില്ലെങ്കില്‍ പ്രതിസന്ധികള്‍ അനേകം ഉണ്ടാകാം.ഈ ഒരൊറ്റ കാര്യം മുന്നില്‍ കണ്ടാണ് പലരും ഹെല്‍ത്ത് ഇൻഷുറൻസ് പോലുളളവയില്‍ ഭാഗമാകുന്നത്. ഒരു മെഡിക്കല്‍ ഇൻഷുറൻസ് പോളിസിയെക്കുറിച്ച്‌ തിരയുമ്ബോള്‍ പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്.നല്ല ഒരു ഇൻഷ്വറൻസ് പദ്ധതിയില്‍ ചേരണമെങ്കില്‍ കുറഞ്ഞത് 5000 രൂപയുടെ പ്രീമിയമെങ്കിലും എടുക്കണം, പോളിസിയിലെ അംഗങ്ങളുടെ എണ്ണവും അസുഖങ്ങളുടെ ലിസ്റ്റും പരിഗണിക്കുമ്ബോള്‍ തുക വീണ്ടും ഉയരും, ഇപ്പോഴിതാ സാധാരണക്കാർക്കും താങ്ങാവുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി), വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. വ്യക്തിഗത പോളിസിയായും ഫാമിലിയായും ഇതില്‍ ചേരാം. ഐ.പി.പി.ബിയുടെ ഉപഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ ചേരാൻ അർഹത. അക്കൗണ്ട് ഇല്ലാത്തവർക്ക് 200 രൂപ നല്‍കി അക്കൗണ്ട് തുറക്കാനും കഴിയും.

Advertisements

ഇതൊരു ടോപ് അപ്പ് പ്ലാൻ ആണ്. അതായത് അഡ്മിറ്റ് ആയി ചികിത്സിക്കുമ്ബോള്‍ ആദ്യത്തെ രണ്ട് ലക്ഷം രൂപ ക്ലെയിം ലഭിക്കില്ല. തുടർന്ന് അതേ വർഷം വരുന്ന രണ്ടുലക്ഷം രൂപയ്ക്ക് മുകളിലും 15 ലക്ഷം വരെയുള്ള ക്ലെയിം കാഷ്‌ലെസ് ആയി ലഭിക്കും. ഐ.പി.പി.ബിക്ക് ടൈ അപ്പ് ഉള്ള ആശുപത്രികളിലായിരിക്കും ഇത് .നാലു തരത്തിലാണ് പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്. 899 രൂപയുടേത് വ്യക്തിഗത പ്ലാനാണ്. ദമ്ബതികള്‍ക്ക് 1399 രൂപയും അവർക്കൊപ്പം ഒരു കുട്ടിക്കും കൂടി 1799 രൂപയും രണ്ട് കുട്ടികളാണെങ്കില്‍ 2199 രൂപയുമാണ് നിരക്ക്. 18 മുതല്‍ 60 വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രായപരിധി. 60 വയസിന് മുൻപ് പോളിസിയെടുത്താൻ തുടർന്ന് പോകാം. കുട്ടികള്‍ ആണെങ്കില്‍ ജനിച്ച്‌ 91 ദിവസം മുതല്‍ പദ്ധതിയില്‍ ചേരാം. പോളിസ് കാലാവധി ഒരു വർഷമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റേതെങ്കിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയില്‍ അംഗമായിട്ടുള്ളവർക്കും അല്ലാത്തവർക്കും പദ്ധതിയില്‍ ചേരാം. എന്നാല്‍ നിലവില്‍ അസുഖമുള്ളവർക്ക് ഇതില്‍ ചേരാൻ കഴിയില്ല. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായി ചെറിയ അസുഖങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.പോളിസി എടുത്ത് 30 ദിവസത്തിനുശേഷം വരുന്ന എല്ലാ അസുഖങ്ങളും കവർ ചെയ്യുന്ന ഈ പ്ലാനില്‍ ആദ്യ രണ്ടുവർഷം കാത്തിരിക്കേണ്ടി വരുന്ന ചുരുക്കം ചില അസുഖങ്ങളുമുണ്ട്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ സർട്ടിഫിക്കേഷനുള്ള പോസ്റ്റ്മാൻ വഴിയാണ് പദ്ധതിയില്‍ ചേരാൻ സാധിക്കുക.നിവാ ബുപാ ഇൻഷുറൻസ് കമ്ബനിയുമായി ചേർന്നാണ് തപാല്‍ വകുപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ എറണാകുളം ജില്ലയില്‍ മുഴുവൻ ഇത് ലഭ്യമാണ്. മറ്റ് ജില്ലകളില്‍ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ പദ്ധതി ലഭ്യമാക്കിയിട്ടുണ്ട്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചാല്‍ പോളിസിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും

Hot Topics

Related Articles