വെളിയന്നൂർ: കൊറിയർ കമ്പനിയുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ട കാറിന്റെ താക്കോൽ എട്ടുമാസത്തിനുശേഷം ഹരിത കർമസേന കണ്ടെത്തി ഉടമയ്ക്ക് നൽകി. വെളിയന്നൂർ പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളിലെ ഹരിതകർമസേനാംഗങ്ങൾക്കാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ താക്കോൽ അടങ്ങിയ കവർ ലഭിച്ചത്. കൂത്താട്ടുകുളം കോഴിപ്പള്ളി സ്വദേശി നിഖിൽ അനിൽ ബുക്ക് ചെയ്ത സ്പെയർ താക്കോലാണ് കൊറിയർ കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മ മൂലം വഴിയോരത്ത് നഷ്ടപ്പെട്ടത്. എന്തായാലും ഏറെ നാളത്തെ തിരച്ചിലിന് അവസാനമുണ്ടായതിന്റെ ആശ്വാസത്തിലാണ് നിഖിൽ. സെപ്റ്റംബറിൽ സ്വകാര്യ കൊറിയർ കമ്പനി വഴി നിഖിൽ അനിലിന് താക്കോൽ ലഭിക്കേണ്ടിയിരുന്നതാണ്. കൊറിയർ ഉടമയ്ക്ക് നൽകുന്നതിന് പകരം മാലിന്യങ്ങൾക്കൊപ്പം വഴിയിൽ ഉപേക്ഷിച്ചു. താക്കോൽ ലഭിക്കുന്നതിന് പാലായിലെ കാർ ഡീലറുടെ പക്കലും കൊറിയർ ഓഫീസിലും മാസങ്ങളായി കയറിയിറങ്ങുകയാണ് നിഖിൽ.
മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പുതുവേലി പാലം കവലയിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് വൃത്തിയാക്കുന്നതിന് ഇടയിലാണ് ഹരിതകർമസേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് താക്കോൽ അടങ്ങിയ കവർ ലഭിച്ചത്. നിയമ നടപടികൾക്ക് നീങ്ങാനൊരുങ്ങുന്ന ഘട്ടത്തിലാണ് താക്കോൽ കണ്ടെത്തിയ വിവരം വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അറിയിക്കുന്നത്. കവറിലുള്ള വിലാസത്തിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഹരിതകർമസേനാംഗങ്ങളായ മനീഷ, റീന, രാഖി എന്നിവർ താക്കോലടങ്ങിയ കവർ പഞ്ചായത്ത് ഓഫീസിൽ ഏല്പിച്ചു. സജേഷ് ശശി, വാർഡ് മെമ്പർ ജിമ്മി ജെയിംസ്, സെക്രട്ടറി ടി. ജിജി എന്നിവരുടെ സാന്നിധ്യത്തിൽ ഹരിതകർമസേനാംഗങ്ങൾ താക്കോൽ ഉടമയ്ക്ക് കൈമാറി.