കോട്ടയം: ഓണത്തിന് കൈരളി ടിവി നടത്തിയ ഇന്റർവ്യൂവിനിടെ ബാബു ആന്റണി കോട്ടയത്തെ കൈരളി ടിവിയുടെ റിപ്പോർട്ടർ സനോജ് സുരേന്ദ്രനെ ‘ തല്ലിയതാണ്’ സോഷ്യൽ മീഡിയയിലെ രണ്ടു ദിവസമായുള്ള ചർച്ച. തല്ലുകൊണ്ട സനോജിനും, തല്ലിയ ബാബു ആന്റണിയ്ക്കും പരാതിയില്ലെങ്കിലും ട്രോളന്മാർ ചേർന്ന് സനോജ് സുരേന്ദ്രനെ എയറിൽക്കയറ്റിക്കഴിഞ്ഞു. അടുത്തിടെ ന്യൂസ് 18 ൽ നിന്നും കൈരളിയിലേയ്‌ക്കെത്തിയ സനോജ് ബാബു ആന്റണിയുമായി നടത്തിയ ഇന്റർവ്യൂവിലൂടെ ഇപ്പോൾ കൂടുതൽ വൈറലായിക്കഴിഞ്ഞു.
ഓണത്തിന്റെ ഭാഗമായി നടത്തിയ ഇന്റർവ്യൂവിൽ മാർഷൽ ആട്‌സ് ഒന്ന് വിശദീകരിക്കാമോ എന്ന സനോജിന്റെ ചോദ്യത്തിന് മാർഷൽ ആട്‌സിലെ ചില അടവുകൾ വിശദീകരിക്കുകയായിരുന്നു ബാബു ആന്റണി. ഈ അടുവുകൾ കാണിക്കുന്നതിനിടെയാണ് അടിയ്ക്കുന്ന രീതിയിലുള്ള വീഡിയോ പുറത്ത് വന്നത്. കൈരളി ഓണനാളിൽ സംപ്രേക്ഷണം ചെയ്ത ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഈ വീഡിയോ എടുത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ എരിവും പുളിയും ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് ബാബു ആന്റണി വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. റിപ്പോർട്ടർക്ക് അടി കിട്ടി എന്ന രീതിയിൽ ബാബു ആന്റണിയുടെ പോസ്റ്റിന് താഴെ കമന്റുകളും വന്നു. ഇതോടെയാണ് കൈരളി ടിവിയുടെ കോട്ടയം റിപ്പോർട്ടർ സനോജ് സുരേന്ദ്രൻ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സനോജ് സുരേന്ദ്രന്റെ വിശദീകരണം ഇങ്ങനെ
ഞാൻ എയറിലല്ല ഇവിടെ തന്നെയുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി നിരവധി പേരാണ് ഫോണിലും, വാട്‌സാപ്പിലും, മെസജറിലും ക്ഷേമം അന്വേഷിക്കുന്നത്. ബാബു ആന്റണിയുടെ കൈക്കരുത്ത് എങ്ങനെ ഉണ്ടെന്നായിരുന്നു അന്വേഷണം. ഓണത്തോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്യാൻ ആഗസ്റ്റ് 22 ന് ആയിരുന്നു ബാബു ആന്റണിയുമായുള്ള ഇന്റർവ്യൂ. ഓണത്തിന്റെ അന്ന് രാവിലെയും, ചതയദിനത്തിലുമായിരുന്നു ഇന്റർവ്യൂ ഓൺ എയറിൽ പോയത്. പക്ഷേ സംഭവം ഇത്രയും വൈറലാകുമെന്ന് ഞാൻ പോലും വിചാരിച്ചില്ല.
ആ അടി തന്നെയായിരുന്നു അതിന്റെ ഹൈലൈറ്റ്. പക്ഷേ അടി കൊണ്ട് എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല എല്ലാവരും കൂടി ഏറ്റെടുത്ത് അതങ്ങ് കളറാക്കി. കഴിഞ്ഞ ദിവസം online trending ഒന്നാമതാണ് ബാബു ആന്റണിയുമായുള്ള ഇന്റർവ്യൂവിന്റെ കൈരളി വാർത്ത. പല ഓൺ ലൈൻ മീഡിയയും അവർക്ക് റീച്ച് കിട്ടാൻ പലതരത്തിലാണ് ആ വാർത്ത കൈകാര്യം ചെയ്തത്. എന്തായാലും News 18 വിട്ട് കൈരളിയിൽ എത്തിയിട്ട് ഒരു മാസം കഴിഞ്ഞു. ഞാൻ ഇപ്പോൾ കൈരളിയുടെ ഭാഗമാണെന്ന് അനുകൂലിച്ചും, പ്രതികൂലിച്ച് ലോകത്തെ അറിയിച്ച എല്ലാവരോടും നന്ദിയും, സ്‌നേഹവുമുണ്ട്. ബാബു ആന്റണിയുമായുളള ഇന്റർവ്യൂവിന്റെ പൂർണ്ണഭാഗം കാണാം ഈ ലിങ്കിലൂടെ.