കോട്ടയം : വർഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ ഈരയിൽക്കടവ് ആൻസ് ഇന്റർനാഷണൽ കൺവൻഷൻ ആന്റ് എക്സിബിഷൻ സെന്ററിന് പ്രവർത്തനാനുമതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോട്ടയം നഗരസഭയാണ് കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകിയത്. പ്രവാസി മലയാളിയായ ഉമ്മൻ ഐപ്പിന്റെ ഉടമസ്ഥതയിലാണ് കൺവൻഷൻ സെന്റർ പ്രവർത്തിക്കുന്നത്. കൊവിഡ് കാല ഘട്ടത്തിന് മുൻപാണ് കോട്ടയം ഈരയിൽ ക്കടവിൽ മൂന്ന് ഏക്കറിൽ കൺവൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ , സ്ഥലം പുറമ്പോക്ക് ആണ് എന്ന് ആരോപിച്ച് അയൽവാസികൾ കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം മജിസ്ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും കേസ് തള്ളി കളഞ്ഞെങ്കിലും പ്രദേശവാസികൾ വീണ്ടും പല പരാതികളും കേസുമായി മുന്നോട്ട് പോകുകയായിരുന്നു. ഏറ്റവും ഒടുവിലായാണ് നിലവിൽ ഹൈക്കോടതിയിൽ നിന്നും സ്ഥാപനത്തിന് അനുകൂലമായി ഉത്തരവ് ലഭിച്ചത്. ഇതേ തുടർന്ന് മാനേജ്മെന്റ് താലൂക്ക് ഓഫിസിൽ നിന്നും സ്ഥാപനം പ്രവർത്തിക്കുന്നതിന് ആവശ്യമായ അനുമതി നേടിയെടുത്തു. തുടർന്ന് നഗരസഭയിൽ നിന്നും രേഖകളെല്ലാം സമർപ്പിച്ച് പ്രവർത്തനമാനുമതി സ്വന്തമാക്കുകയായിരുന്നു. ഓണത്തോടുകൂടി കൺവെൻഷൻ സെൻറർ പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് മാനേജ്മെൻറ് അറിയിച്ചു.