വൈക്കം: വൈക്കം നഗരസഭയിൽ ചെയർപേഴ്സൺ രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രൂപപ്പെട്ട തർക്കം രൂക്ഷമാകുന്നു. പാർട്ടിയിലെ ധാരണ പ്രകാരം ഒരു വർഷ കാലാവധി പൂർത്തിയാക്കിയ നിലവിലെ ചെയർ
പേഴ്സൺ രാധികാശ്യാം രാജിവയ്ക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ആവിശ്യപ്പെടുന്നത്. ഡി സി സി നേതൃത്വം ചെയർ പേഴ്സൺ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുഡിഎഫിലെ അഞ്ച് കൗൺസിലർമാർ ചെയർപേഴ്സണെ നീക്കുന്നതിനെ എതിർക്കുന്നതാണ് നേതൃത്വത്തെ യും കുഴയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നര വർഷം ചെയർ പേഴ്സൺ സ്ഥാനം രേണുക രതീഷിനു നൽകിയതു പോലെ രാധികാ ശ്യാമിനും ഒന്നര വർഷം നൽകണമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം നിലപാടു സ്വീകരിച്ചതോടെയാണ് പ്രതിസന്ധി കടുത്തത്. ആദ്യത്തെ ഒന്നര വർഷം രേണുക രതീഷിനും ഒരു വർഷം രാധിക ശ്യാമിനും ശേഷിക്കുന്ന രണ്ടര വർഷം പ്രീതാരാജേഷിനുമാണെന്ന് 2020 ഡിസംബറിൽ ഡി സി സി നേതൃത്വം തയ്യാറാക്കിയ കരാറുണ്ടെന്ന് പറയപ്പെടുന്നു. രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഡി സി സി പ്രസിഡന്റിന്റെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും നഗരസഭയിൽ അധ്യക്ഷസ്ഥാനമേൽക്കുമ്പോൾ ഒന്നര വർഷ കാലാവധിയാണ് തനിക്കെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്.
ജനുവരി 25 വരെ സമയമുണ്ട്. കരാറിൽ ഇല്ലാതിരുന്ന വ്യവസ്ഥ പിന്നീട് എഴുതി ചേർത്തതാണെന്നും ചെയർ പേഴ്സൺ രാധിക ശ്യാം പറയുന്നു. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത 26 അംഗ നഗരസഭയിൽ യുഡിഎഫിന് 11, എൽ ഡി എഫിന് ഒൻപത്, ബി ജെ പി നാല് , സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ നഗരസഭയിൽ ഭരണ സ്തംഭനമുണ്ടായതായി ആരോപിച്ച് എൽ ഡി എഫും ബി ജെ പി യും രംഗത്തുവന്നിട്ടുണ്ട്.